ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കമ്മീഷന് വേണമെന്നാവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്ന രാഷ്ട്രീയ കക്ഷികളുടെ നിരന്തര ആരോപണങ്ങളെ തുടര്‍ന്നാണ് അസാധാരണമായ ആവശ്യമുന്നയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായിരിക്കുന്നത്.
കഴിഞ്ഞമാസമാണ് കമ്മീഷന് ഇത്തരമൊരു കത്ത് നിയമമന്ത്രാലയത്തിന് അയച്ചിരിക്കുന്നത്. 1971-ലെ കോടതിയലക്ഷ്യ നിയമത്തില്‍ ഭേദഗതി വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ എതിരെ നടപടിയെടുക്കാനുള്ള അധികാരം നല്‍കണമെന്നാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തിലുള്ള അധികാരങ്ങളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യത്തില്‍ ആംആദ്മി പാര്‍ട്ടിയുള്‍പ്പെടെയുള്ള കക്ഷികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തിനെതിരെ ബിജെപി ബന്ധം ആരോപിച്ച് കെജ്രിവാള് രംഗത്ത് വരികയും ചെയ്തിരുന്നു. അതിനും പുറമെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും യന്ത്രം ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നുവരെയുള്ള ആരോപണം എഎപിയും കെജ്രിവാളും ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് പുതിയ നീക്കത്തിന് പിന്നിലുള്ളതെന്നാണ് സൂചന.
Discussion about this post