കൊച്ചി: കൊച്ചിയില്‍ മെട്രോ ഉദ്ഘാടനത്തിനെത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ നഗരത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി പൊലീസ്. തീവ്രവാദിയുടെ ഇലക്ട്രോണിക് ലൊക്കേഷന്‍ കൊച്ചിയില്‍ കണ്ടെത്തിയിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. കേന്ദ്ര ഏജന്‍സികളാണ് ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചത്.
തീവ്രവാദി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണമേതെന്ന് വ്യക്തമല്ല. മൊബൈല്‍ ഫോണ്‍ ആകാമെന്നാണ് സംശയിക്കപ്പെടുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ കൊച്ചിയില്‍ വര്‍ധിപ്പിച്ചിരുന്നു. പതിവ് സുരക്ഷയ്ക്ക് പുറമേ കേരള കമാന്‍ഡോസിനെയും തണ്ടര്‍ബോള്‍ട്ടിനെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. ഇവര്‍ക്ക് പുറമേ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും കൊച്ചിയില്‍ അണിനിരന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയാണ് തീവ്രവാദി സാന്നിധ്യത്തെക്കുറിച്ച് സംസ്ഥാനത്തിന് വിവരം നല്‍കിയത്.
പ്രധാനമന്ത്രി വരുന്ന ദിവസം ടെറര്‍ മൊഡ്യൂളുണ്ടായിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മെട്രോ ഉദ്ഘാടനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതായി ഡിജിപി ടി പി സെന്‍കുമാര്‍ ഇന്നലെ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുതുവൈപ്പിനില്‍ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ നരനായാട്ടിനെ സംബമന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ട കാര്യം സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മുന്‍പ് പുറത്തു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ല. പ്രധാനമന്ത്രി സഞ്ചരിച്ച വഴിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടെന്നും പുതുവൈപ്പിന് സമരക്കാരെ ഉദ്ദേശിച്ച് ഡിജിപി വ്യക്തമാക്കി.പ്രധാനമന്ത്രിക്കെതിരെ തീവ്രവാദ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സമരം ചെയ്ത ആളുകളെ ഒഴിപ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്.
പുതു വൈപ്പിന്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ഹൈക്കോടതി ജംഗ്ഷന് മുന്നില്‍ സമരം നടത്തിയവരെ ഒഴിപ്പിച്ച യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളും ഒരുമിച്ച് കാണിച്ച മാധ്യമങ്ങളുടെ നടപടി ശരിയല്ല. യതീഷ് ചന്ദ്ര പുതുവൈപ്പിനില്‍ പോയോ എന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. വികസനം സാധ്യമാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് ഗവണ്മെന്റ് നടപടി സ്വീകരിക്കും. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രശ്നങ്ങളുള്ളത്. പുതുവൈപ്പിനില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രൊട്ടക്ഷന്‍ നല്‍കുക എന്നതായിരുന്നു പൊലീസിന്റെ കര്‍ത്തവ്യം. പൊലീസ് ആരുടേയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ ആരെങ്കിലും തടസം നിന്നാല്‍ അതിനെ നേരിടുക എന്നത് പൊലീസിന്റെ കടമയാണെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post