കാറു വാങ്ങിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ആദിവാസി നേതാവ് സി.കെ ജാനു രംഗത്ത്. തന്നെ അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായി ശ്രമം നടക്കുന്നത്. ആദിവാസികള്‍ക്ക് കാറ് വാങ്ങാന്‍ പറ്റില്ലേയെന്നും ജാനു ചോദിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സി.കെ ജാനുവുമായി നടത്തിയ അഭിമുഖത്തില്‍ കാറോടിക്കുന്ന ജാനുവിന്റെ ചിത്രം പ്രസിദ്ധീകരിച്ചതോടെ ഒരു കൂട്ടര് ജാനുവിനെ തിരിഞ്ഞിരിക്കുന്നത്. ജാനു അഴിമതിക്കാരിയാണെന്നു ചിത്രീകരിക്കാനായിട്ടാണ് ശ്രമം.
ജാനുവിന് എവിടെ നിന്നാണ് കാറ് വാങ്ങാന്‍ പണം എന്നാണ് പലരും ചോദ്യം. ”എന്റെ പറമ്പില്‍ ഞാന്‍ പണിയെടുത്ത് കിട്ടുന്ന ആദായത്തില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ് ഞാന്‍ കാറു വാങ്ങിയത്. ആദിവാസികള്‍ക്ക് കാറു വാങ്ങാന്‍ പറ്റില്ലേ?” സി.കെ. ജാനു മറുചോദ്യം ഉന്നയിക്കുന്നു.
”ഞാന്‍ ആരുടെയൊക്കെയോ കണ്ണിലെ കരടാണ്. ഞാന്‍ എന്തു ചെയ്താലും അതൊക്കെ വിവാദമാണ്. ഞാന്‍ വീട് വച്ചപ്പോഴും ഇതേ പോലെ തന്നെയായിരുന്നു. ഞാന്‍ ആദിവാസി സ്ത്രീയല്ലേ? ആദിവാസികള്‍ അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല. ബാക്കിയുള്ളവര്‍ക്ക് മാത്രമേ ഇത്തരം സംവിധാനങ്ങളും സൗകര്യങ്ങളും ഉണ്ടാകാന്‍ പാടുള്ളൂ എന്നൊക്കെയുള്ള ചിന്തയില്‍ നിന്നാണ് ഇത്തരം ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകുന്നത്. മറ്റാരെങ്കിലും ബസ് വാങ്ങിയാലും കാറ് വാങ്ങിയാലും അതിലൊന്നും ഒരു വാര്‍ത്തയും പ്രശ്നവും വരുന്നില്ലല്ലോ. ആദിവാസികള്‍ അങ്ങനെയൊന്നും ജീവിക്കരുത് എന്നൊരു ചിന്തയുണ്ട് ചിലര്‍ക്ക്. ആരു വേണമെങ്കിലും വന്ന് പരിശോധിക്കട്ടെ. അതിനെല്ലാം ഞാന്‍ തയ്യാറാണ്. ഞാന്‍ വണ്ടി വാങ്ങിയതെങ്ങനെയെന്ന് ഇവിടെ എല്ലാര്ക്കും അറിയാം.” ജാനു പറയുന്നു.
പൊതുസമൂഹം മനുഷ്യരായി പരിഗണിക്കാത്തവരാണ് ആദിവാസികള്‍. അങ്ങനെ പരിഗണിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ആദിവാസികളുടെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ സമൂഹത്തിന് സാധിക്കുകയുളളൂ. ആദിവാസി എപ്പോഴും ബസ്സിലോ നടന്നോ സഞ്ചരിച്ചാല്‍ മതി എന്നാണ് മറ്റുള്ളവരുടെ കാഴ്ചപ്പാട്. ” കേരളത്തിലെ എന്തൊക്കെയോ കാര്യങ്ങള്‍ക്ക് ഞാന്‍ തടസ്സമാണ്. അതാണ് ഈ പ്രശ്നം മൊത്തം. എങ്ങനെയെങ്കിലും നാണം കെടുത്തി മൂലയ്ക്ക് ആക്കിക്കളയാം എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ബോധപൂര്‍വ്വമായി ഒതുക്കിക്കളയാം എന്നാണ് അവരൊക്കെ ചിന്തിക്കുന്നത്. അവരൊക്കെ വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത് എന്ന് ഞാന്‍ പറയും. ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന കോടികള്‍ എവിടെപ്പോയി എന്ന് ഇവരൊക്കെ അന്വേഷിക്കാത്തത് എന്താണ്?” ആദിവാസികളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടസ്സമായി നില്ക്കുന്ന ആളാണ് താനെന്നും അപ്പോള്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടാകുക എന്നത് സ്വാഭാവികമല്ലേയെന്നും സികെ ജാനു ചങ്കുറപ്പോടെ ചോദിക്കുന്നു. താന്‍ മൂലം ആര്‍ക്കൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്നും ജാനു പറയുന്നു. ആരോപണങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നുമാണ് സമരനായിക പറയുന്നു.
പത്ത് ലക്ഷം രൂപയാണ് വണ്ടിയ്ക്ക് ചെലവായിരിക്കുന്നത്. മാസാമാസം പന്ത്രണ്ടായിരം രൂപ വീതം അടവു വരും. സി കെ ജാനു കോടികളുടെ വാഹനം വാങ്ങിയെന്ന് പറയുന്നവരോട് ജാനു പറയുന്നു. അതുപോലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദിവാസികളെ പറ്റിച്ച് വാഹനം വാങ്ങുന്നവരെ തിരിച്ചറിയുക എന്ന പരാമര്‍ശത്തോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ”ഞാന്‍ ആരെയും പറ്റിച്ചിട്ടില്ല. സത്യസന്ധമായി തന്നെയാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ആരോപണങ്ങളെ എനിക്ക് ഭയമില്ല” ജാനു പറയുന്നു.
‘കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് അഞ്ചു വര്‍ഷത്തെ അടവിന് മേടിച്ച വണ്ടിയാണ്’
”ഞാന്‍ കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളു കുറുമ, മലയര്‍ ഈ സമുദായങ്ങളില്‍ പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ട്’
‘വ്യക്തിപരമായി ഒരു കാര്യത്തിനുമല്ല ഞാന്‍ സംഘടനാ പ്രവര്‍ത്തനത്തിന് വന്നത്. വ്യക്തിപരമായിട്ടു ജീവിക്കാന്‍ എനിക്ക് എല്ലാവരേക്കാളും നന്നായിട്ട് അറിയാം. അതിന് അധികാരവും വേണ്ട, ഒരു സംഘടനയും വേണ്ട. ഞാനൊക്കെ ജീവിക്കുന്നത് മര്യാദയ്ക്ക് പണിയെടുത്താണ്. കൃഷിയുടെ വരുമാനം കൊണ്ടുണ്ടാക്കിയ വീടാണിതെന്നും ജാനു വ്യക്തമാക്കി.
ഡ്രൈവിങ്ങ് അറിയാം. സ്വന്തമായി ഒരു ജീപ്പാണ് ആദ്യം വാങ്ങിയിരുന്നത്. അത് അക്കാലത്ത് ഈ കാട്ടിലെ ആംബുലന്‍സായിരുന്നു. രാത്രിയൊക്കെ ആളുകള്‍ക്ക് അസുഖം മൂര്‍ച്ഛിക്കുമ്പോള്‍, വണ്ടിയിലൊരു വാക്കത്തിയും എടുത്തു വെച്ച് ജീപ്പിറക്കും. കുറുകെ കാട്ടാനകള്‍ നില്‍പ്പുണ്ടാകും. ഒരിക്കല്‍ ഗോത്രമഹാ സഭയുടെ യോഗം കഴിഞ്ഞു മടങ്ങും വഴി ജീപ്പു മറിഞ്ഞു. സാക്ഷരതാ ക്ലാസില്‍ നിന്ന് അക്ഷരം പഠിച്ചതു പോലെ, ഡ്രൈവിങ്ങും അങ്ങ് പഠിക്കുകയായിരുന്നുവെന്നും ജാനു പറഞ്ഞു.
Discussion about this post