നടിയെ ആക്രമിച്ച കേസി പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ദീലീപിന് അയച്ചത് എന്ന് പറയുന്ന കത്തിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഈ കത്ത് അയച്ചിരിക്കുന്നത് സുനിലല്ല എന്നാണ് സുനിലിന്റെ അഭിഭാഷകന് പറയുന്നത്.
”കത്തിലെ കയ്യക്ഷരം സുനിലിന്റേത് അല്ല, മറ്റാരോ അയച്ച കത്താണ്. സുനിലിന്റെ കയ്യക്ഷരം താന്‍ കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്തതല്ല”.
ജയിലില്‍ നിന്ന് കടത്തിയതിന്റെ ലക്ഷണങ്ങള്‍ കത്തിലില്ലെന്നും അഭിഭാഷകന് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് അഭിഭാഷകന്റെ ഇത് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.
ദിലീപിനയച്ച കത്ത് പള്‍സര്‍ സുനിക്ക് വേണ്ടി സഹതടവുകാരനായ നിയമവിദ്യാര്‍ഥിയാണ് എഴുത്തിയതെന്ന് പോലീസ് പറഞ്ഞു. അക്ഷരതെറ്റില്ലാതെ വ്യക്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ടിയാണ് സഹതടവുകാരനായ നിയമവിദ്യാര്‍ഥിയുടെ സഹായം സുനി തേടിയത്. സുനി പറഞ്ഞ പ്രകാരം കത്ത് എഴുത്തിയതും പിന്നീട് ജയിലിന് പുറത്തുള്ള വിഷ്ണുവിന് കത്ത് എത്തിച്ചു നല്കിയതും ഈ നിയമവിദ്യാര്‍ഥിയാണ്.മരട് കോടതിയില്‍ ഇയാളെ ഹാജരാക്കാനായി എത്തിച്ചപ്പോള്‍ ആണ് കത്ത് വിഷ്ണുവിന് നല്‍കിയത്. വിഷ്ണുവില് നിന്നാണ് കത്ത് പിന്നീട് ദിലീപിന് ലഭിക്കുന്നത്.
ജയിലില്‍ കഴിയുന്നതിനിടെ തന്റെ സഹതടവുകാരോട് കേസിനെ സംബന്ധിച്ച പലകാര്യങ്ങളും സുനി വെളിപ്പെടുത്തിയിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. സിനിമയിലെ ചില പ്രമുഖര്‍ തന്നെ കൈവിടില്ലെന്നും തനിക്ക് അവരില്‍ നിന്ന് സഹായം ലഭിക്കുമെന്നും സുനി സഹതടവുകാരോട് പറഞ്ഞിരുന്നു. തമിഴ്നാട് നെറ്റ്വര്ക്കിലുള്ള ഡൊക്കോമോ സിം ഉപയോഗിച്ചാണ് ജയിലിനുള്ളില്‍ നിന്ന് സുനി സിനിമാരംഗത്തെ പ്രമുഖരെ ബന്ധപ്പെട്ടതെന്നും അറിയുന്നു.
പള്‍സര്‍ സുനിയുടെ പേരിലുള്ള കത്തും ദിലീപിന്റെ പരാതിയും പുറത്തുവന്നതോടെ നടിയെ ആക്രമിച്ച കേസ് കൂടുതല്‍ കുരുക്കിലേക്കു നീങ്ങുകയാണ്. ദീലീപ് ഏപ്രില്‍ 20ന് നാദിര്‍ഷയ്ക്കു വന്നുവെന്നുപറയുന്ന ഭീഷണി ഫോണ്‍ടേപ്പ് സഹിതം പരാതി നല്‍കിയിരുന്നു. ഫോണ്‍സന്ദേശം നമ്പര്‍ സഹിതം പോലീസിനു കൈമാറിയിട്ടും അന്വേഷണം ഉണ്ടാകാത്തതാണോ അതോ അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചതാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ചൈനീസ് ഫോണല്ലെങ്കില്‍ ഐ.എം.ഇ.ഐ. നമ്പര്‍ കണ്ടെത്താനോ സിമ്മിന് കൊടുത്ത തിരിച്ചറിയല്‍ രേഖ കണ്ടെത്താനോ പ്രയാസമില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡായാലും ഫോണ്‍ വിളിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താന്‍ കഴിയും.
ദിലീപിന്റെ പേരുപറയാന്‍ ചിലര്‍ രണ്ടരക്കോടി രൂപവരെ നല്‍കാമെന്ന് സന്ദേശത്തിലുണ്ട്. എന്നാല്‍, ദിലീപ് ഒന്നരക്കോടി തന്നാല്‍ പേരു പറയാതിരിക്കാമെന്നും പറയുന്നു. ഇതിലെ യുക്തിഭദ്രത ചോദ്യംചെയ്യപ്പെടുന്നുണ്ട്. വിളിച്ചയാള്‍ വിശ്വസിപ്പിക്കാനായി ഒരു കള്ളം പറഞ്ഞതാവാനും വഴിയുണ്ടെന്നാണ് നിഗമനം. ഏപ്രില്‍ 12നാണ് ദിലീപിന് പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയിരിക്കുന്നത്. ഇതിന് മുമ്പ് വിഷ്ണു എന്ന പേരില്‍ സുനിയുടെ സഹത്തടവുകാരന് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍ കത്തില്‍ ഇക്കാര്യം പറയാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. സുനി ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തുവെങ്കില്‍ അത് എങ്ങനെ സാധിച്ചുവെന്ന ചോദ്യവും ഉയരുന്നു.
Discussion about this post