പാലക്കാട്: സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ മരിച്ച മലയാളികളിലൊരാളായ ഷിബി (32) ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നത് ഒരുവര്‍ഷംമുന്‍പ്. 2016 ജൂണ്‍ ഒന്നിനാണ് ഇയാളെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ ജൂലായ് പത്തിന് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ വിദേശത്തേക്ക് കടന്ന ഷിബി ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കേസ് എന്‍.ഐ.എ.യ്ക്ക് കൈമാറി.
കഞ്ചിക്കോട്ടെ പ്രിക്കോട്ട് മില്‍ ന്യൂ കോളനിയിലാണ് ഷിബിയുടെ വീട്. കഞ്ചിക്കോട്ടെ സ്‌കൂളുകളില്‍ 12-ാം ക്ലാസ് വരെ പഠിച്ച ഷിബി കോയമ്പത്തൂരില്‍നിന്ന് ബി.ബി.എ.യും പുണെയില്‍നിന്ന് എം.ബി.എ.യും പാസായി. പിന്നീട് കഞ്ചിക്കോട്ടെ എച്ച്.പി. ഗോഡൗണില്‍ ഇ-ഡിക്ലറേഷന്‍ തയ്യാറാക്കുന്ന കേന്ദ്രത്തില്‍ ജോലിക്ക് ചേര്‍ന്നു.
പഠനകാലത്ത് ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്ന ഷിബി നാടുവിടുന്നതിന് ഒരുവര്‍ഷംമുമ്പ് കടുത്ത മതവിശ്വാസിയാവുകയും സുഹൃത്തുക്കളില്‍നിന്ന് അകലുകയും ചെയ്തു. യാക്കര സ്വദേശിയായ യഹിയ എന്ന ബെക്‌സണുമായി പരിചയത്തിലായതിനുശേഷമാണ് ഈ മാറ്റമെന്ന് ഷിബിയുടെ ബന്ധുക്കളും സൃഹൃത്തുക്കളും പറയുന്നു.
അതേസമയം അമേരിക്കയുടെ ആക്രമണത്തില്‍ രണ്ടുമാസംമുമ്പ് യഹിയയും മരിച്ചതായി വിവരം ലഭിച്ചിരുന്നു. മലബാര്‍ മേഖലയില്‍നിന്നുള്ള കൂട്ടാളികള്‍ക്കൊപ്പം ഷിബി ബഹ്‌റൈനിലേക്കാണ് ആദ്യം പോയതെന്ന് പോലീസ് കരുതുന്നു. പിന്നീട് അഫ്ഗാനിസ്ഥാന്‍ വഴി സിറിയയിലെത്തി.
കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ആറ് മലയാളികള്‍ കൊല്ലപ്പെട്ടത്.
Discussion about this post