പട്ന: ബീഹാറിലെ ആര്‍ജെഡി-ജെഡിയു മഹാസഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന. ബിജെപിക്കെതിരെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്താനിരിക്കുന്ന റാലിയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയും മമതാ ബാനര്‍ജിയുമടക്കം പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന റാലിയാണ് നിതീഷ് കുമാര്‍ ബഹിഷ്കരിക്കാനൊരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു തടയിടാന്‍ പ്രതിപക്ഷ കക്ഷികള്‍ കൊട്ടിഘോഷിച്ച ബീഹാറിലെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍. ബിജെപിക്കെതിരെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ആഗസ്റ്റ് 27ന് നടത്താനിരിക്കുന്ന മഹാറാലിയില്‍ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. പട്നയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ആര്‍ജെഡിയുടെ റാലിയാണെന്നും അതില്‍ ജെഡിയു നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും ജെഡിയു നേതാവ് ശ്യാം രാജക് വ്യക്തമാക്കി.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുക്കുന്ന മഹാ റാലിയാണ് ജെഡിയു ബഹിഷകരിച്ചിരിക്കുന്നത്.
മുമ്പ് തന്നെ നിതീഷ് കുമാറിന്റെ നിലപാടുകളില്‍ ആര്‍ജെഡിക്ക് അതൃപ്തിയുണ്ടായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഒരു യോഗത്തിലും പങ്കെടുക്കാതിരുന്ന നിതീഷ് കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ജിഎസ്ടി പ്രഖ്യാപന സമ്മേളനം ബഹിഷ്ക്കരിച്ചപ്പോള്‍ നിതീഷ്കുമാര്‍ തന്റെ ധനമന്ത്രിയെ ചടങ്ങിനയച്ചു. എന്‍ഡിഎയോട് അടുക്കുന്നതിന്റെ സൂചനയാണ് നിതീഷിന്റെ പുതിയ നിലപാടുകള്‍.
അതേസമയം ഇതുവരെ ക്ഷണമില്ലെന്നും ക്ഷണിച്ചാല്‍ പോകുന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും ജെഡിയു വക്താവ് സഞ്ജയ് സിംഗ് പറഞ്ഞു.
Discussion about this post