തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ വീട്ടു വീഴ്ചയില്ലെന്ന് കെ.എം മാണി. കേരള കോണ്‍ഗ്രസിലേയും യൂഡിഎഫിലേയും നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ്ജ് പരസ്യ വിമര്‍ശമുന്നയിച്ച് വരികയായിരുന്നു. അത് അനുവദിക്കാനാവില്ല. ലക്കും ലഗാനുമില്ലാത്ത പി.സിയുടെ പോക്കിന് ചെറിയ ശിക്ഷയായാണ് അദ്ദേഹത്തിന് കൊടുത്ത രണ്ട് സ്ഥാനങ്ങള്‍ തിരിച്ചെടുക്കുന്നത്. മുഖ്യമന്ത്രി വിേദശത്ത് നിന്ന് വന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ഈ ആവശ്യം പരിഗണിക്കുമെന്നും കെ.എം മാണി മാധ്യമങ്ങളോട് പറഞ്ഞു
ഇതിനിടെ ചീഫ് വിപ്പ് പിസി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.എം മാണി ഇന്നലെ മുഖ്യമന്ത്രി കണ്ടതിനെത്തുടര്‍ന്നാണിത്. പി.സി ജോര്‍ജിന്റെ രാജിയാവശ്യം തല്‍ക്കാലത്തേക്ക് മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല.എന്നാല്‍ പി.സി ജോര്‍ജിനെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയ്ക്കുമില്ലെന്ന നിലപാടിലാണ് കെ.എം മാണി.ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തതായാണ് സൂചന.
എന്നാല്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു.തന്നെ അപമാനിക്കുന്ന നിലപാട് യുഡിഎഫും ,മുഖ്യമന്ത്രിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.എല്ലാവരോടും ചര്‍ച്ച ചെയ്ത് തീരുമാനം പിന്നീട് അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
കെ.എം മാണിക്ക് മാത്രമാണ് തന്നോട് എതിര്‍പ്പ്. തന്റെ കൂട്ടത്തില്‍ നിന്ന് ആരെയും മാണിക്കു കിട്ടില്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ പി.കെ. കുഞ്ഞാലിക്കുട്ടിയോ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.മാണി രാജി വയ്ക്കരുതെന്നുള്ളത് മാണിയുടെ കുടുംബത്തിന്റെ മാത്രം ആവശ്യമാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ല. അഴിമതി ആരു കാണിച്ചാലും അവര്‍ക്കെതിരെ സംസാരിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
തന്നെ ചീഫ് വിപ്പാക്കിയത് മാണിയല്ല. ആരുടെയും ഭീഷണിക്ക് താന്‍ വഴങ്ങില്ല. മുഖ്യമന്ത്രിയുടെ ആഭ്യര്‍ത്ഥന മാനിച്ച് തല്ക്കാലം തര്‍ക്കത്തിനില്ല. തനിക്ക് ഒരു സ്ഥാനവും വേണമെന്നില്ല .എംഎല്‍എ ആയി തുടരാനും തയ്യാറാണ്. രാജിക്കത്ത ഇപ്പോളും പോക്കറ്റിലുണ്ട്. യുഡിഎഫിന്റെ തീരുമാനം വരുന്നതു വരെ ചീഫ് വിപ്പ് സ്ഥാനത്ത് തുടരും.പാര്‍ട്ടി സെക്രട്ടറിയേറ്റ് വിളിച്ചാല്‍ ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് അറിയാം. പാര്‍ട്ടിയില്‍ മാണിയേക്കാള്‍ പിന്തുണ തനിക്കുണ്ടെന്നും , മൂന്ന് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഔദ്യോഗിക വാഹനമൊഴിവാക്കിയാണ് പി.സി ജോര്‍ജ് ക്ലിഫ് ഹൗസിലെത്തിയത്.രാജിക്കത്തുമായി മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതിന് മുമ്പ് പി.സി ജോര്‍ജ് മുസ്ലിം ലീഗ് നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു.രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതു വരെ പ്രതിസന്ധിയുണ്ടാക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടു.അതേസമയം പ്രത്യേക പാര്‍ട്ടിയായി പോകാന്‍ തയ്യാറാണെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേരലാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറാണെന്നും പി.സി അറിയിച്ചു.
Discussion about this post