അതിര്‍ത്തി പങ്കിടുന്ന അയല്‍ക്കാരുമായുള്ള പോര് ഭൂട്ടാനും ഇന്ത്യയോടും മാത്രമല്ല ചൈനയ്ക്ക്. മിക്ക അയല്‍രാജ്യങ്ങള്‍ക്കെതിരെയും അതിര്‍ത്തിയുടെ പേരില്‍ ഭീഷണി ഉയര്‍ത്തിയ ചരിത്രമാണു ചൈനയ്ക്കുള്ളത്. തജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, വിയറ്റ്നാം, ലാവോസ്, കംബോഡിയ, തായ്വാന്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെല്ലാം അതിര്‍ത്തി തര്‍ക്കം ആവോളം അറിഞ്ഞവരാണ്. പല രാജ്യങ്ങള്‍ക്കും ചൈനയുടെ അവകാശവാദം അംഗീകരിച്ചു കൊടുക്കേണ്ടിവന്നു.
പതിമൂന്നു രാജ്യങ്ങളുമായി 22,000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണു ചൈന. ഇന്ത്യയ്ക്കു പുറമെ ദക്ഷിണ കൊറിയ, റഷ്യ, മംഗോളിയ, കസഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര്, ലാവോസ്, വിയറ്റ്നാം എന്നിവയാണു ചൈനയുടെ അതിര്‍ത്തി രാജ്യങ്ങള്‍. കൂടാതെ പാക്ക് അധീന കാശ്മീരിന്റെ ഭാഗത്തും ചൈനയുടെ അതിര്‍ത്തിയുണ്ട്. ജപ്പാന്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തിയും ചൈന പങ്കുവയ്ക്കുന്നു.
ഭൂട്ടാന്റെ വിഷയത്തിലുള്ളതുപോലെ നൂറ്റാണ്ടുകള്‍ മുന്‍പുള്ള ഇടപാടുകളാണ് പല രാജ്യങ്ങളുമായി തര്‍ക്കത്തിനു കാരണമാകുന്നത്. 19-ാം നൂറ്റാണ്ടില്‍ റഷ്യയുടെ (പഴയ യുഎസ്എസ്ആര്‍) ഭാഗമാകാന്‍ വിട്ടുനല്കിയതാണു കിര്‍ഗിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളുമെന്നു ചൈന അവകാശപ്പെടുന്നു. പഴയ ചൈനീസ് രാജവംശക്കാലത്തെ ചരിത്രം ചൂണ്ടിക്കാട്ടിയാണു തജിക്കിസ്ഥാന്‍, മംഗോളിയ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുമായി തര്‍ക്കിക്കുന്നത്. ക്വിങ് രാജവംശക്കാലത്ത് 1644 മുതല്‍ 1912 വരെ തജിക്കിസ്ഥാന്റെ പല ഭാഗങ്ങളും തങ്ങളുടെതായിരുന്നെന്ന് അവര്‍ പറയുന്നു. മിങ് രാജവംശത്തിന്റെ ഭരണകാലത്ത് 1368 മുതല്‍ 1644 വരെയുള്ള ചരിത്രമാണു കംബോഡിയയുടെ കാര്യത്തില്‍ ഉയര്‍ത്തുന്നത്.
മ്യാന്മറിന്റെ കാര്യത്തിലാകട്ടെ, യുവാന്‍ രാജവംശക്കാലത്തെ 1271 മുതല്‍ 1368 വരെയുള്ള കഥകള്‍ ചൈന എടുത്തിടുന്നു. കിഴക്കന്‍ ചൈന കടലിന്റെ ഭാഗമായ ദക്ഷിണ കൊറിയയുടെ കാര്യത്തില്‍ അവര്‍ പല തവണ അവകാശവാദം ഉയര്‍ത്തിട്ടുണ്ട്. ദക്ഷിണ കൊറിയ മുഴുവന്‍ തങ്ങളുടേതായിരുന്നെന്നാണു ചൈനയുടെ വാദം. കിഴക്കന്‍ ചൈന കടലിലുള്ള ജപ്പാന്റെ ഭാഗമായ സെന്റ് കാക്കു ദ്വീപിനു വേണ്ടി ചൈന വര്‍ഷങ്ങളായി അവകാശമുയര്ത്തുന്നുണ്ട്. റിയൂക്കു ദ്വീപ് മുന്‍പു ചൈനയുടെ വ്യവസായ ഇടത്താവളങ്ങളിലൊന്നായിരുന്നു. ഇതിന്റെ പേരിലും അവര്‍ അവകാശവാദം ഉയര്‍ത്തിയിരുന്നു. പല അതിര്‍ത്തി വിഷയങ്ങളും പരിഹാരമാകാതെ ഇപ്പോഴും തര്‍ക്കത്തില്‍ തന്നെ തുടരുന്നു. പല ഘട്ടങ്ങളും ഇത് ആയുധമാക്കാനും ചൈന ശ്രമിക്കാറുമുണ്ട്.
Discussion about this post