കാസര്‍ഗോഡ്: ഗവണ്മെന്റ് കോളേജ് മതപരിവര്‍ത്തന കേന്ദ്രമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ എസ്എഫ്ഐ ജില്ലാ നേതാവും ഡിവൈഎഫ്ഐ ഉദുമ ബ്ളോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എ.വി ശിവപ്രസാദാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാലക്കുന്ന് കരിപ്പോടി സ്വദേശി ആതിര ഇസ്ലാം മതം സ്വീകരിക്കാനായി വീടു വിട്ട സാഹചര്യത്തിലാണ് കോളേജിലെ തന്റെ അനുഭവക്കുറിപ്പുകള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ ഇത് ചിലര്‍ വിവാദമാക്കിയതോടെ ശിവപ്രസാദ് പോസ്റ്റ് പിന്‍വലിച്ച് വിശദീകരണക്കുറിപ്പ് ഇറക്കി.
എസ്എഫ്ഐ ജില്ലാ ഭാരവാഹിയായി കോളേജില്‍ പോയപ്പോള്‍ പല തവണ ഒരു മുസ്ലീം യുവാവുമായുള്ള ആതിരയുടെ പ്രണയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് യഥാര്‍ത്ഥ പ്രണയമല്ലെന്ന് ജില്ലാ കമ്മിറ്റിയംഗമായ വനിത സഖാവ് പറഞ്ഞതനുസരിച്ച് കുട്ടിയുടെ സഹോദരനെയും അമ്മാവനെയും വിവരമറിയിച്ചെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ല. എന്നാല്‍ പ്രണയിച്ച യുവാവ് സ്വന്തം മതത്തില്‍ പെട്ട ആളെ വിവാഹം കഴിക്കുകയും ചെയ്തു.
കഴിഞ്ഞ 7 വര്‍ഷത്തിനകം 9 പെണ്‍കുട്ടികള്‍ കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ വച്ച് ഇത്തരം പ്രണയക്കുരുക്കില്‍ പെട്ടിട്ടുണ്ട്. താന്‍ മതേതര പ്രണയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രണയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം കാമ്പസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരണം. 2012-15 കാലഘട്ടത്തില്‍ എസ്എഫ്ഐ ചുമതലയുണ്ടായിരുന്നപ്പോള്‍ ആതിരയുടെ വിഷയത്തില്‍ ഇടപെട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.
കാസര്‍ഗോഡ് ഗവ. കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചിലയാളുകള്‍ എല്ലാ സഹായങ്ങളും എത്തിച്ച് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മുന്നോട്ട് വരണമെന്ന അഭ്യര്‍ഥനയോടെയാണ് ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം വിവാദത്തെ തുടര്‍ന്ന് ശിവപ്രസാദ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആര്.എസ്.എസും ബിജെപിയും മുതലെടുക്കാതിരിക്കാനാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നാണ് ശിവപ്രസാദിന്റെ വിശദീകരണം. ലവ് ജിഹാദുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഭാവനയ്ക്കനുസരിച്ച് ഒന്നും എഴുതിപിടിപ്പിച്ചിട്ടില്ലെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും വിശദീകരണക്കുറിപ്പില്‍ ശിവപ്രസാദ് വ്യക്തമാക്കി.
ആതിര താന്‍ ഇസ്ളാം മതത്തിലേക്ക് മാറുകയാണെന്ന് പറഞ്ഞു കൊണ്ട് 24 പേജുള്ള കുറിപ്പെഴുതി വച്ചതിനു ശേഷമാണ് വീടു വിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ്.
Discussion about this post