ഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗമായ ’17 മൗണ്ടന്‍ സ്ട്രയിക് കോറി’നു വേണ്ടി വാങ്ങിയ ഹോവിറ്റ്സര്‍ (അള്‍ട്രാ ലൈറ്റ് ഹോവിറ്റ്സര്‍) തോക്കുകള്‍ ഇന്ത്യന്‍ സൈന്യം പൊഖ്റാന്‍ മരുഭൂമിയില്‍ പരീക്ഷിച്ചു. ബോഫോഴ്സ് അഴിമതി നടന്ന് മൂന്ന് പതിറ്റാണ്ടിനു ശേഷമാണ് പുതിയ തോക്കുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുന്നത്. ഇതിന് മുമ്പ് സ്വീഡനിലെ പ്രതിരോധ ഉപകരണ നിര്‍മാതാക്കളായ ബോഫോഴ്സില്‍ നിന്ന് 1980-ലാണ് ഇന്ത്യ തോക്കുകള്‍ വാങ്ങിയത്. തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവയാണ് പ്രധാനമായും സൈന്യം പരിശോധിച്ചത്.
തോക്കുകള്‍ പൂര്‍ണമായും സൈന്യത്തിന്റെ ഭാഗം ആവുന്നത് സെപ്തംബറില്‍ മാത്രമായിരിക്കും. അതുവരെ പരീക്ഷണങ്ങള്‍ തുടരുമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 2018-ഓടെ മൂന്ന് ഹോവിറ്റ്സര്‍ തോക്കുകള്‍ കൂടി സൈന്യത്തിന് പരിശീലനത്തിനായി ലഭ്യമാക്കും. 2019 മാര്‍ച്ച് മുതല്‍ പ്രതമാസം അഞ്ചു തോക്കുകള്‍ എന്ന നിലയില്‍ സൈന്യത്തിന് നല്കി 2021-ഓടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രി ആയിരിക്കെയാണ് അമേരിക്കയില്‍ നിന്ന് 145 ഹോവിറ്റ്സര്‍ തോക്കുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാറൊപ്പിട്ടത്. 5100 കോടി രൂപയാണ് ഇതിനായി ഇന്ത്യ ചെലവിട്ടത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലായിരിക്കും ഈ തോക്കുകള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുക. 145 തോക്കുകളില്‍ 25 എണ്ണം വിമാനത്തില്‍ എത്തിക്കും. ബാക്കിയുള്ളവ ഇന്ത്യയിലായിരിക്കും കൂട്ടിയോജിപ്പിക്കുക. 25 കിലോമീറ്ററാണ് തോക്കിന്റെ ദൂരപരിധി. ഭാരക്കുറവാണ് മറ്റൊരു പ്രത്യേകത. 4,057 കി.മി. ദൈര്‍ഘ്യമുള്ള ചൈന അതിര്‍ത്തിയിലെ ഉയര്‍ന്ന മേഖലകളില്‍ വളരെ വേഗത്തില്‍ ഈ തോക്കുകള്‍ എത്തിക്കാനാവുമെന്നതും മേന്മയാണ്.
ആധുനീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സൈന്യം നിരന്തരം സര്‍ക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു.
Discussion about this post