ഡെര്‍ബി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഹര്മന് പ്രീത് കൗറിന്റെ ഉജ്ജ്വല സെഞ്ചുറി മികവിലാണ് വനിതാ ക്രിക്കറ്റിലെ അതിശക്തരെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ഇന്ത്യ കുറിച്ച 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 36 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. സ്കോര്‍: ഇന്ത്യ 281/4 (42 ov), ഓസ്ട്രേലിയ 245 (40.1 ov).
2005ല്‍ ഫൈനലിലെ ഓസീസിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യക്ക് ഇത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഹര്മന് പ്രീത് കൗര്‍ പുറത്താകാതെ നേടിയ (171*) സെഞ്ചുറിയാണ് ഇന്ത്യക്ക് കോരിത്തരിപ്പിക്കുന്നൊരു ഫൈനല്‍ പ്രവേശം നല്‍കിയത്. 115 പന്തില്‍ 20 ഫോറും ഏഴു സിക്സറുകളും പറത്തിയാണ് കൗര്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്.
Discussion about this post