എൽ ക്ലാസിക്കോയിൽ വീണ്ടും റയൽ മാഡ്രിഡിനെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പിൽ മുത്തമിട്ട് ബാഴ്സലോണ. സൌദി അറേബ്യയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യം ഒരു ഗോളിന് പിന്നിലായതും, രണ്ടാം പകുതിയിൽ പത്ത് പേരിലേക്ക് ചുരുങ്ങിയതും ബാഴ്സയുടെ വീര്യം ചോർത്തിയില്ല. അവസാന നിമിഷം വരെ ആവേശ നിമിഷങ്ങൾ സമ്മാനിച്ചാണ് എൽ ക്ലാസിക്കോയ്ക്ക് കൊടിയിറങ്ങിയത്.
ബാഴ്സലോണയുടെ മനോഹര നീക്കങ്ങൾ കണ്ടായിരുന്നു മല്സരം തുടങ്ങിയതെങ്കിലും ആദ്യം ലീഡ് നേടി മുന്നിലെത്തിയത് റയൽ മാഡ്രിഡായിരുന്നു. മൈതാന മധ്യത്ത് നിന്ന് ഒറ്റയ്ക്ക് പന്തുമായി മുന്നേറി നേടിയ സോളോ ഗോളിലൂടെ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാൽ 22ആം മിനിറ്റിൽ ബാഴ്സ ഗോൾ മടക്കി. ലെവൻഡോവ്സ്കിയുടെ പാസ് ഗോളാക്കി മാറ്റി ലമിൻ യമാലാണ് ബാഴ്സയ്ക്ക് സമനില സമ്മാനിച്ചത്. ഇടവേളയ്ക്ക് മുൻപ് മൂന്ന് ഗോൾ കൂടി നേടി ബാഴ്സ മല്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.
ഗാവിയെ ഫൌൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ലെവൻഡോസ്കിയാണ് ബാഴ്സയ്ക്ക് ലീഡ് നല്കിയത്. മൂന്ന് മിനിറ്റിനകം മൂന്നാം ഗോളുമായി ബാഴ്സ ലീഡുയർത്തി. യൂൾ കുണ്ടെയുടെ മനോഹര പാസ് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് റഫിഞ്ഞോയാണ് ബാഴ്സയ്ക്ക് ലീഡ് നല്കിയത്. ഇടവേള്യ്ക്ക് തൊട്ടു മുൻപ് അലക്സ് ബാൽഡെയിലൂടെ ബാഴ്സ നാലാം ഗോളും സ്വന്തമാക്കി. സംഭവബഹുലമായിരുന്നു രണ്ടാം പകുതി. തുടക്കത്തിൽ തന്നെ വീണ്ടുമൊരു ഗോളുമായി റഫിഞ്ഞോ ബാഴ്സയ്ക്ക് 5-1ൻ്റെ ലീഡ് നല്കി. എന്നാൽ 56ആം മിനിറ്റിൽ പന്തുമായി ബോക്സിലേക്ക് മുന്നേറിയ എംബാപ്പെയെ വീഴ്ത്തിയതിന് ഗോൾ കീപ്പർ വോയ്‌സെച് ഷെസ്‌നി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി റോഡ്രിഗോ റയലിന് ആശ്വാസ ഗോൾ നല്കി.
ഗോൾ കീപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ ബാഴ്സലോണ പ്രതിരോധത്തിലേക്ക് പിൻവാങ്ങി. എന്നാൽ മുൻതൂക്കം മുതലാക്കാൻ റയലിനായില്ല. 5-1ൻ്റെ വിജയവുമായി ബാഴ്സലോണ 15ആം തവണയും സൂപ്പർ കപ്പ് കിരീടം ഉയർത്തി. ഇതോടെ ഏറ്റവും കൂടുതൽ സൂപ്പർ കപ്പ് കിരീടങ്ങൾ എന്ന നേട്ടവും ബാഴ്സലോണ സ്വന്തം പേരിൽ നിലനിർത്തി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന എൽക്ലാസിക്കോയിലും വിജയം ബാഴ്സയ്ക്കൊപ്പമായിരുന്നു.
Discussion about this post