വിജയം അനിവാര്യമായ മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പ്ലേ ഓഫ് സാധ്യതകൾ വീണ്ടും സജീവമാക്കി. കൊച്ചിയിലെ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് 3-2 ന്റെ ത്രസിപ്പിക്കുന്ന ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സ്റ്റോപ്പേജ് ടൈമിന്റെ അവസാനം നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ നേടിയത്.
മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ ക്ലിയറൻസ് പിഴവ് മുതലെടുത്ത് ജെറിയാണ് ഒഡീഷയ്ക്കായി സ്‌കോർ ചെയ്തത്. ഫസ്റ്റ് ഹാഫിൽ നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് കിട്ടിയെങ്കിലും ഒഡീഷയുടെ ഡിഫൻസ് എല്ലാം വിഫലമാക്കി. ആദ്യ പകുതിയിൽ മാത്രം ഏഴ് കോർണറുകളാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്.
കാത്തിരിപ്പിന് ഒടുവിൽ 60 ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ സ്വന്തമാക്കി. കോറൂ സിംഗിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ പെപ്ര, ഒഡീഷ ഗോൾ കീപ്പറെ മറികടന്ന് സ്‌കോർ ചെയ്യുകയായിരുന്നു. സമനില നേടിയതോടെ ലീഡ് എടുക്കാൻ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 73 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. പരിക്ക് മാറി തിരിച്ചെത്തിയ ജീസസ് ജിമനെസ് സബ്ബായി വന്ന് അധികം വൈകാതെ ഒഡീഷയുടെ ഗോൾ വല കുലുക്കി. പെപ്ര, ലൂണ, നോഹ എന്നിവർ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലായിരുന്നു ജിമനെസിന്റെ ഉജ്ജ്വല ഫിനിഷ്.
എന്നാൽ, ആ സന്തോഷം അധികം നീണ്ടു നിന്നില്ല. 80 ആം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്ന് വീണു കിട്ടിയ അവസരം ഒഡീഷ മുതലാക്കി. ഡോർലിറ്റനാണ് ഗോൾ അടിച്ചത്. സ്‌കോർ 2-2. മത്സരം സമനിലയിലേക്ക് നീങ്ങവെ സ്റ്റോപ്പേജ് ടൈമിലാണ് നോഹ സദോയി ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി വിജയ ഗോൾ നേടിയത്. ലെഫ്റ്റ് വിങ്ങിൽ നടത്തിയ തകർപ്പൻ മുന്നേറ്റമാണ് അവസാനം ഗോളിൽ കലാശിച്ചത്.
തുടർച്ചയായ രണ്ടാം ജയത്തോടെ ഐഎസ്എൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്ത് എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ശനിയാഴ്ച കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത എതിരാളികൾ.
Discussion about this post