ഡല്‍ഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും സൈനിക സ്‌കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശ സ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സൈനിക സ്‌കൂളുകളിലെ ചിട്ടകള്‍ നടപ്പാക്കും. സിബിഎസ്ഇക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1961-ല്‍ അന്നത്തെ പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോനാണ് സൈനിക സ്‌കൂളിന് തുടക്കം കുറിച്ചത്. യുവാക്കളെ പ്രതിരോധ സേവനങ്ങള്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സൈനിക സ്‌കൂളിലെ മാതൃക എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.
Discussion about this post