ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് കോടികളുടെ ബൊഫോഴ്‌സ് അഴിമതിയില്‍ വ്യക്തമായ പങ്ക് ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്ത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതോടെ വീണ്ടും ആളിക്കത്താന്‍ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ വലിയ ബഹളമുണ്ടായി.
അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതി നേരത്തെ അറിഞ്ഞിരുന്നുവെന്ന സ്വീഡനിലെ അന്വേഷണ ഉദ്യോഗസ്ഥനായ സ്‌റ്റെന്‍ ലിന്‍സ്‌റ്റോമിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഇടപാട് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍നിന്നും മറച്ചുവെച്ചതിന്റെ രേഖകള്‍ ദേശീയ ചാനല്‍ പുറത്തുവിട്ടു. ചില വിവരങ്ങള്‍ പാര്‍ലമെന്റില്‍നിന്നും മറച്ചുവെച്ചതായി ബൊഫോഴ്‌സ് കമ്പനി അധികൃതരോട് രാജീവ് വെളിപ്പെടുത്തിയതിന്റെ രേഖകളാണ് റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടത്.
അഴിമതി അന്വേഷിക്കേണ്ടിയിരുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ പരിശോധനാ വിഷയങ്ങളുടെ കോപ്പിയും കമ്പനിക്ക് ലഭ്യമാക്കി. നിബന്ധനകള്‍ നിശ്ചയിക്കാന്‍ ബൊഫേഴ്‌സിന് രാജീവ് ഏകപക്ഷീയമായി അധികാരം നല്‍കി. ഇടപാടിന്റെ വിവരങ്ങള്‍ പാര്‍ലമെന്റ് അറിയില്ലെന്ന് ഉറപ്പിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇടപാട് നടക്കുന്നതിന് മുന്‍പ് സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്ന ഓലോഫ് പാമെയും രാജീവും ചര്‍ച്ച ചെയ്തിരുന്നതായി അഴിമതി അന്വേഷിച്ച സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന സ്റ്റെന്‍ പറഞ്ഞു. ഇടപാടില്‍ രണ്ട് പ്രധാനമന്ത്രിമാരും ഇടപെട്ടതായ വിവരം ആദ്യമായാണ് പുറത്തറിയുന്നത്. ഇടനിലക്കാരനും ബൊഫോഴ്‌സിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന മാര്‍ട്ടിന്‍ അര്‍ബ്ദോയാണ് ഇത് തന്നോട് വെളിപ്പെടുത്തിയതെന്നും സ്റ്റെന്‍ വ്യക്തമാക്കി.
അഴിമതി പുനരന്വേഷിക്കണമെന്ന് ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടക്കുന്നത് വരെ ബൊഫോഴ്‌സിന്റെ ഭൂതം കോണ്‍ഗ്രസിനെ വേട്ടയാടുമെന്ന് മീനാക്ഷി ലേഖി എംപി ശൂന്യവേളയില്‍ ചൂണ്ടിക്കാട്ടി. സ്വിസ് ബാങ്കില്‍ നിന്നും ലഭിച്ച രേഖകളില്‍ അന്വേഷണുണ്ടായില്ല. ഈ രേഖകള്‍ സര്‍ക്കാര്‍ പൂട്ടിവെക്കുകയായിരുന്നു. അന്വേഷണാവശ്യത്തെ പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത കുമാറും പിന്തുണച്ചു.
1986 മാര്‍ച്ചിലാണ് 155എംഎം പീരങ്കികള്‍ വാങ്ങാന്‍ സ്വീഡനിലെ ബൊഫോഴ്‌സ് കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിടുന്നത്. 410 പീരങ്കികള്‍ വാങ്ങുന്നതിന് പ്രതിഫലമായി പത്തു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ കൈക്കൂലിയായി കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ വാങ്ങിയെന്ന വിവരം സ്വീഡിഷ് റേഡിയോ പുറത്തുവിട്ടതോടെയാണ് അഴിമതി കത്തിയത്.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കടക്കം അഴിമതിയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്ട്രീയമായ തിരിച്ചടിയുമുണ്ടായി. വി.പി. സിങ് ആയിരുന്നു പ്രതിരോധമന്ത്രി. 285 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇടപാടായിരുന്നു സ്വീഡിഷ് കമ്പനിയുമായി ഉണ്ടാക്കിയത്. രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അഴിമതിയില്‍ പങ്കുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തോല്‍വിക്കും ബൊഫോഴ്‌സ് അഴിമതി കാരണമായി.
സോണിയാ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിവാദ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വത്തറോച്ചിയായിരുന്നു ബൊഫോഴ്‌സിന്റെ ഇടനിലക്കാരന്‍. വിവാദ ഇടപാടുമായി ബന്ധപ്പെട്ട് സ്വീഡിഷ് സര്‍ക്കാര്‍ അഞ്ഞൂറോളം രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post