ജയ്പുര്‍: ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല റാണാപ്രതാപാണ് വിജയിച്ചതെന്ന് രാജസ്ഥാന്‍ പാഠപുസ്തകം. പത്താംക്ലാസ്സ് കുട്ടികള്‍ പഠിക്കുന്ന സാമൂഹ്യപാഠ പുസ്തകത്തിലാണിതുള്ളത്. പുതുക്കിയ പാഠപുസ്തകം 2017-18 അക്കാദമിക വര്‍ഷത്തിലാണ് പുറത്തിറക്കിയത്. അക്ബര്‍ ചക്രവര്‍ത്തിയായിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ വിജയത്തെ സാധൂകരിക്കുന്ന രേഖകളൊന്നുമില്ലെന്നാണ് പാഠപുസ്തകം വിലയിരുത്തുന്നത്.
രജപുത്ര രാജാവായ മഹാറാണാ പ്രതാപാണ് ഹല്‍ദിഘട്ടി യുദ്ധത്തില്‍ വിജയിച്ചതെന്ന് തെളിയിക്കുന്ന രേഖകളാണുള്ളതെന്ന് അധ്യായം തയ്യാറാക്കിയ ചന്ദ്രശേഖര്‍ ശര്‍മ്മ പറയുന്നു.
‘മുഗള്‍ ദര്‍ബാറിലേക്ക് മഹാറാണാ പ്രതാപിനെ പിടിച്ചു കൊണ്ടു വന്ന് കൊല്ലാനായിരുന്നു അക്ബറിന്റെ പദ്ധതി, അങ്ങനെ രജപുത്ര സാമ്രാജ്യം മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുക എന്നതായിരുന്നു അക്ബറിന്റെ ലക്ഷ്യം. ഹല്‍ദിഘട്ടി യുദ്ധത്തില്‍ മുഗളര്‍ വിജയിച്ചുവെന്ന് പറയാന്‍ കഴിയില്ല. മീവാര്‍ പിടിച്ചെടുത്ത് മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്നതില്‍ അക്ബര്‍ പരാജയപ്പെട്ടു എന്നാണ് ചരിത്ര രേഖകള്‍. അതിനാല്‍ തന്നെ യുദ്ധ വിജയം റാണാ പ്രതാപിനൊപ്പമാണ്’ ശര്‍മ്മ പറയുന്നു.
ഹല്‍ദ്ദിഘട്ടി യുദ്ധം തീര്‍പ്പില്ലാതെയാണ് അവസാനിച്ചതെന്ന് പല ചരിത്രകാരന്‍മാരും നിരീക്ഷിക്കുന്നുണ്ട്. ഉദയ്പുറിനടുത്തുള്ള ഹല്‍ദിഘട്ടിയില്‍ 1576 ജൂണിലാണ് യുദ്ധം നടന്നത്.
Discussion about this post