തിരുവനന്തപുരം: ‘ഞാന്‍ ഗവര്‍ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് മുഖത്തടിച്ചു പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആര്‍ജ്ജവം പിണറായി വിജയന് ഇല്ലാതെ പോയതിനു കോണ്‍ഗ്രസിനാണോ കുറ്റമെന്നു വി.ടി. ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
ബല്റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ക്രമസമാധാനം ചർച്ച ചെയ്യുന്നതിനായി ഗവർണ്ണർ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മൺ ചെയ്തതിനേക്കുറിച്ച് കോൺഗ്രസ് അനുഭാവികൾ സോഷ്യൽ മീഡിയയിൽ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബർ സിപിഎമ്മുകാരുടെ പരാതി. ഗവർണ്ണർ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതിന് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാർട്ടിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിന് വേണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് ഗവർണ്ണറുടെ അമിതാധികാരപ്രവണതക്ക് കുടപിടിക്കുന്നതായി ഞങ്ങളങ്ങ് വിധിച്ചുകളയും എന്നുമുള്ള ടോണാണ്
ഇത്തരക്കാരുടേത്. അത് വിലപ്പോവില്ല.
ഗവർണ്ണർ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ഗവർണ്ണർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാൻ ഗവർണ്ണർക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്‌ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ. അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മൺ ചെയ്യുക എന്നത്. അത് കേൾക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മൺസ് അയച്ച് വിളിപ്പിക്കുന്ന സീൻ ഒന്നും ഓർക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി.
പിന്നെ ഗവർണ്ണർ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവർണ്ണർക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയൻ ചെയ്തില്ല എന്നതിനർത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലിൽ പരാതി ഇല്ല എന്നാണ്. “ഞാൻ ഗവർണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട” എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആർജ്ജവം വിജയനില്ലാത്തതിന് കോൺഗ്രസിനാണോ കുറ്റം?
ഇക്കാര്യത്തിൽ ഗവർണ്ണർക്കെതിരെ നട്ടെല്ല് നിവർത്തി നാല് വാക്ക് പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയ്യാറാവട്ടെ. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടി ഔദ്യോഗികമായ പ്രതിഷേധം രേഖപ്പെടുത്തട്ടെ. അങ്ങനെയാണെങ്കിൽ പ്രതിപക്ഷം തീർച്ചയായും പിന്തുണക്കും. അടുത്താഴ്ച നിയമസഭ ചേരുന്നുണ്ട്. സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ ഗവർണ്ണർ വഴിയുള്ള കേന്ദ്രത്തിന്റെ കൈകടത്തലിനെതിരെ പ്രമേയമവതരിപ്പിക്കട്ടെ. പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാവും.
[fb_pe url=”https://www.facebook.com/vtbalram/posts/10155078191699139?pnref=story” bottom=”30″]
Discussion about this post