ബംഗളൂരൂ: ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷാ ചെലവിന് കര്‍ണാടക പൊലീസ് ഭീമമായ തുക ആവശ്യപ്പെട്ടതോടെയാണ് മദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. ഇതോടെ വീണ്ടും സുപ്രീം കോടതിയിലേക്ക് നീങ്ങുകയാണ് മദനി.
15 ലക്ഷത്തോളം രൂപയാണ് കര്‍ണാടക പൊലീസ് സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ടത്. 14,80,000 രൂപ വേണമെന്നാണ് അറിയിച്ചത്. ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് മദനിക്ക് കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ കോടതിയില്‍ സുരക്ഷാ ചെലവ് വഹിക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് പറഞ്ഞതോടെ ചെലവ് വഹിച്ചോളാമെന്ന് മദനി അറിയിച്ചതോടെയാണ് കോടതി യാത്രക്ക് അനുമതി നല്‍കിയത്. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളം സുരക്ഷയൊരുക്കണമെന്ന് മദനിയുടെ കുടുംബവും പിഡിപി നേതാക്കളും ആവശ്യപ്പെട്ടു.
മദനി കേരളത്തിലെത്താതിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നെന്നും പിഡിപി ആരോപിച്ചു. സുരക്ഷക്കായി 14 ലക്ഷം അടയ്ക്കാനാവില്ലെന്ന് മദനി കോടതിയെ അറിയിക്കും. നാളെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
Discussion about this post