തൃശ്ശൂര്‍: ദളിത് യുവാവ് പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. വിനായകന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രഥമ വിവരറിപ്പോര്‍ട്ടിലാണ് കേസ് അട്ടിമറിച്ചതിന്റെ വ്യക്തമായ സൂചനകളുള്ളത്. പൊലീസ് കേസ് തേയ്ച്ചുമാച്ചുകളയാന്‍ ശ്രമിക്കുകയാണെന്ന വിനായകന്റെ കുടുംബത്തിന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന തരത്തിലാണ് എഫ്‌ഐആര്‍. പാവറട്ടി സ്റ്റേഷന്‍ എസ്‌ഐ അരുണ്‍ ഷാ കേസില്‍ നിന്ന് പുറത്തുവന്നെന്നും ആരോപണമുണ്ട്.
ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിയുണ്ടാക്കല്‍, ആത്മഹത്യാ പ്രേരണ എന്നിങ്ങനെയുള്ള വകുപ്പുകള്‍ ഒഴിവാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. വിനായകനെ കസ്റ്റഡിയിലെടുത്ത പൊലീസ് അന്യായമായി തടവില്‍ വെച്ചു എന്നത് മാറ്റി. അന്യായമായി തടസപ്പെടുത്തി എന്ന ഐപിസി 341 വകുപ്പാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. സാജന്‍, ശ്രീജിത്ത് എന്നീ പൊലീസുകാര്‍ക്കെതിരെ മുറിവേല്‍പിക്കുക അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുക, ദളിത് പീഡനം എന്നീ വകുപ്പുകളാണുള്ളത്. ജൂലൈ 29ന് തൃശ്ശൂര്‍ ജില്ലാപൊലീസ് മേധാവിക്കാണ് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പരാതി നല്‍കിയത്. അതേ ദിവസം 826/17 എന്ന ക്രൈം നമ്പറില്‍ വാടാനപ്പള്ളി എസ്‌ഐ ഇ കെ വേണുവാണ് കേസെടുത്തിരിക്കുന്നത്. വിനായകനെയും സുഹൃത്ത് ശരത്തിനെയും കസ്റ്റഡിയിലെടുത്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ സാജനും ശ്രീജിത്തും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
പൊലീസ് കസ്റ്റഡിയില്‍ വെച്ച് വിനായകന് ക്രൂര മര്‍ദ്ദനമേറ്റെന്ന് കൂടെ സ്റ്റേഷനിലുണ്ടായിരുന്നു ശരത്ത് പറഞ്ഞിരുന്നു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തലയില്‍ ചതവുണ്ടെന്നും കഴുത്തിലും നെഞ്ചിലും മുലക്കണ്ണിലും മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബൂട്ടിട്ട് ചവിട്ടി എന്ന ശരത്ത് പറഞ്ഞത് സാധൂകരിക്കുന്ന തരത്തില്‍ വിനായകന്റെ കാലില്‍ പാടുകളും ഉണ്ടായിരുന്നു.
തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18നാണ് പത്തൊമ്പതുകാരന്‍ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സിപിഐഎം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു.
മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ആരോപിച്ചിരുന്നു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പൊലീസ് ചൂണ്ടിക്കാട്ടിയത്.
Discussion about this post