ഡല്‍ഹി: രാജ്യത്ത് ദേശീയതയുടെ തരംഗം ഉയര്‍ത്താന്‍ തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്ക്കുന്ന പ്രചരണ പരിപാടിക്കാണ് ബിജെപി തുടക്കം കുറിക്കുന്നത്. ഓഗസ്ത് 16 മുതല്‍ 31 വരെയാവും തിരംഗ യാത്ര. ദേശീയ സംസ്ഥാന നേതാക്കള്‍ തിരംഗ യാത്രയില്‍ പങ്കെടുക്കുമെന്നും ഓരോ മേഖലയിലേയും ജനങ്ങളുമായി സംവദിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ കയറി പ്രചരണം നടത്താനും പദ്ധതിയുണ്ട്.
അതാത് ലോകസഭ മണ്ഡലങ്ങളില്‍ ബിജെപി എംപിമാരാവും പ്രചരണത്തിന് നേതൃത്വം നല്‍കുക. വന്ദേ മാതരവും ഭാരത് മാതാ കി ജയ് വിളികളുമായി തിരംഗ യാത്ര നടത്തുന്ന പ്രവര്‍ത്തകര്‍ ദേശീയത പ്രചരണത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാകയും വീടുകളില്‍ സ്ഥാപിക്കും. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് 2016-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നിന്നായിരുന്നു യാത്ര.
കഴിഞ്ഞ വര്‍ഷം ഏഴ് ദിവസം നീണ്ടു നില്ക്കുന്ന യാത്രയാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെങ്കില്‍ ഈ വര്‍ഷം അത് രണ്ടാഴ്ചയായി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി തന്നെയാണ് അണികളോട് ആവശ്യപ്പെട്ടത്. വരും വര്‍ഷങ്ങളിലും പരിപാടി മുടക്കമില്ലാതെ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങളിലെ ദേശീയത മനോഭാവം വര്‍ധിപ്പിക്കാനാണ് ബിജെപി തിരംഗ യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ബിജെപി നേതൃത്വം വിശദീകരിച്ചു. ജനങ്ങള്‍ക്ക് ദേശീയ ഗാനത്തോടും ചിഹ്നങ്ങളോടും രാജ്യത്തോടുമുള്ള ബഹുമാനവും ആദരവും വര്‍ധിപ്പിക്കാന്‍ തിരംഗ യാത്രയിലൂടെ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
Discussion about this post