കൊൽക്കത്ത: ബംഗാളിൽ വലിയ പ്രതിസന്ധിയിൽ കൂടെ കടന്നു പോവുകയാണ് കോൺഗ്രസ്. കോൺഗ്രെസ്സിന്റെതെന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചരിത്രത്തിൽ ഇല്ലാത്ത വിധം വിചിത്രമായ തീരുമാനമാണ് ബംഗാളിൽ പാർട്ടിയുടെ കാര്യത്തിൽ കോൺഗ്രസ് ദേശീയ ഘടകം എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് പാർട്ടിയെ തകർക്കും എന്ന് തുറന്ന് പ്രഖ്യാപിച്ച മമതാ ബാനർജിക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുകയും, അതെ സമയം ബംഗാളിലെ സംസ്ഥാന അദ്ധ്യക്ഷനും ലോക് സഭയിൽ കോൺഗ്രസ് നേതാവുമായ അധീർ രഞ്ജൻ ചൗധരിയെ അടിച്ചമർത്തുകയും ചെയ്യുന്ന വിചിത്ര നടപടിയാണ് കോൺഗ്രസ് ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ്, കോൺഗ്രസ് ആരുമായി സഖ്യം ഉണ്ടാക്കണം ആരുമായി ഉണ്ടാക്കരുത് എന്ന് ബംഗാൾ സംസ്ഥാന അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി തീരുമാനിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഖാർഗെ വ്യക്തമാക്കിയത്. ഒരു പടി കൂടെ കടന്ന് അധീർ രഞ്ജൻ ചൗധരി പാർട്ടിയുടെ ആരുമില്ലെന്ന് കൂടെ ഖാർഗെ പ്രഖ്യാപിച്ചു.
കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ഹൈ കമാൻഡ് ഉണ്ടെന്നും അങ്ങനെ ഹൈക്കമാണ്ടിനെ അനുസരിച്ച് മുന്നോട്ട് പോകാൻ പറ്റുന്നവർ മാത്രം മുന്നോട്ട് പോയാൽ മതിയെന്നും അല്ലാത്തവർക്ക് പാർട്ടിയുടെ പുറത്ത് പോകാമെന്നും ഖാർഗെ കൂട്ടിച്ചേർത്തിരുന്നു.
അതായത്, അധികാരം പിടിക്കാൻ മമതയുടെ ആവശ്യം കോൺഗ്രെസ്സിനുണ്ടെന്നും, മമത കോൺഗ്രസ്സുമായി ഇപ്പോൾ ശത്രുത പുലർത്തുന്നത് അധീർ രഞ്ജൻ ചൗധരി കാരണമാണെന്നും ആണ് കോൺഗ്രസ് ദേശീയ നേതൃത്വം ഇപ്പോൾ പറയുന്നത്.
എന്നാൽ മമതയെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കണം എന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മമതയെ ഇൻഡി സഖ്യത്തിൽ നിന്നും അകറ്റിയ ആളെ പുറത്താക്കണം എന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രാഹുൽ ഗാന്ധിയെയാണ് എന്നതാണ് യാഥാർത്ഥ്യം
കാരണം, എന്ത് കൊണ്ട് ഇൻഡി സഖ്യത്തിൽ നിന്നും അകന്നു എന്ന് സംശയങ്ങൾക്ക് ഇട നൽകാതെ മമത തന്നെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതാകട്ടെ ഇടതു പക്ഷത്തിന് ഇൻഡി സഖ്യത്തിൽ ലഭിക്കുന്ന അമിതമായ പ്രാതിനിധ്യവും അധികാരവും കാരണമായിരുന്നു.
അവരോട് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന് മമത ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കിയിട്ടും. സീതാറാം യച്ചൂരിയുടെ വാലും പിടിച്ചു നടക്കുന്ന രാഹുൽ ഗാന്ധിയെ ഒന്ന് ഉപദേശിക്കാൻ പോലും തയ്യാറാകാതെ അധീർ രഞ്ജൻ ചൗധരിയുടെ മേൽ കുതിര കയറുകയാണ് ഖാർഗെ അടക്കമുള്ള സൊ കോൾഡ് മുതിർന്ന നേതാക്കൾ
ഇതിനെ തുടർന്ന് ഖാർഗെക്ക് കൃത്യമായ മറുപടിയുമായി അധീർ രഞ്ജൻ ചൗധരിയും മുന്നോട്ട് വന്നിട്ടുണ്ട്
എന്നെയും ബംഗാളിലെ ഞങ്ങളുടെ പാർട്ടിയെയും രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ അനുകൂലിച്ച് സംസാരിക്കാൻ എനിക്ക് കഴിയില്ല. ഇത് ഓരോ കോൺഗ്രസ് പ്രവർത്തകൻ്റെയും പോരാട്ടമാണ്. ഞാൻ അവർക്കുവേണ്ടി സംസാരിക്കുന്നു . ഖാർഗെ എനിക്കെതിരെയാണ് സംസാരിക്കാൻ തീരുമാനിക്കുന്നതെങ്കിൽ ബംഗാളിലെ സാധാരണ പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. അധീർ രഞ്ജൻ ചൗധരി പറഞ്ഞു
എന്തായാലും പാർട്ടിയുടെ ഒരു സംസ്ഥാന ഘടകത്തെയും നേതാവിനെയും, സംസ്ഥാനത്തെ പാർട്ടിയുടെ ശത്രുവിന് വേണ്ടി തകർക്കാൻ നടക്കുന്ന ഒരു ദേശീയ ഘടകത്തെ ഇന്ത്യയിൽ എന്നല്ല ലോകത്ത് തന്നെ എവിടെയും മഷിയിട്ടു നോക്കിയാൽ പോലും കാണില്ല.
മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ, ഈ പാർട്ടിയെ ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച കാലം തന്നെ പിരിച്ചു വിടേണ്ടതായിരിന്നു. അധികാരത്തിനു വേണ്ടിയും ഒരു കുടുംബത്തിന് വേണ്ടിയും എന്തും ചെയ്യാൻ മടിയില്ലാത്ത ഈ പാർട്ടി ഇനിയും നിലനിൽക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്.
Discussion about this post