കണ്ണൂർ: സോളാർ വിഷയം ഒത്തുതീർപ്പാക്കിയെന്ന ാരോപണങ്ങളെ സരളമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സോളാർ സമരവിഷയം അടഞ്ഞ അദ്ധ്യായമാണ്. ഈ വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും ജുഡീഷ്യൽ അന്വേഷണം അന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണി മുന്നോട്ടുവെച്ച മുദ്രാവാക്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായതുകൊണ്ടാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിച്ചതെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എല്ലാ ആവശ്യവും നിർവഹിക്കാൻ സമരങ്ങൾക്ക് പറ്റുമോ. ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രകൊല്ലമായി വിളിക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്നാണ് അതിന്റെ അർഥം. ജയിച്ചോ? ഉടനെ ജയിക്കും. ഇപ്പോ ജയിച്ചോ? എല്ലാ മുദ്രവാക്യവും വിളിച്ചതുകൊണ്ട് അത് അപ്പോൾ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണവേണ്ട. അങ്ങനെ ധരിക്കുന്നതാണ് അപകടം. ആ സമരത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി അന്വേഷണത്തിന്റെ പരിധിയിൽ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സോളാർ സമര ഒത്തുതീർപ്പ് വിവാദത്തിൽ മാദ്ധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാദ്ധ്യമങ്ങളുടെ അജണ്ടയ്‌ക്കൊപ്പം പോകാൻ ഞങ്ങളില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സമരത്തിന്റെ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post