ഡല്‍ഹി: മോദി-അമിത് ഷാ കൂട്ടുകെട്ട് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. സമീപനത്തിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അപ്രസക്തമാകുമെന്നും ജയറാം രമേശ് പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം രമേശ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ സാമ്പ്രദായിക രീതികള്‍ വിലപ്പോവില്ല. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വലിയ പരിശ്രമം ആവശ്യമാണ്. പഴയ മുദ്രാവാക്യങ്ങള്‍ ഇനി വിലപ്പോവില്ല. ഇന്ത്യ മാറിയിരിക്കുന്നു അതിനനുസരിച്ച് കോണ്‍ഗ്രസും മാറേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലപ്പോഴും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തിന് പുറത്തായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977-ലും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി. പക്ഷേ, ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത് അത്തരം പ്രതിസന്ധിയല്ല, അസ്തിത്വ പ്രശ്‌നമാണ്. ആഴത്തിലുള്ളൊരു പ്രതിസന്ധിയാണിത്’.
‘ഇപ്പോഴും അധികാരത്തിലുണ്ടെന്നാണ് ചില നേതാക്കള്‍ കരുതുന്നത്. അക്കാലം കഴിഞ്ഞു, നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലും ജനങ്ങളോടുള്ള ഇടപെടലിലുമെല്ലാം മാറ്റംവേണം’ -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധവികാരം കൊണ്ടുമാത്രം അധികാരത്തില്‍വരാമെന്ന് കരുതുന്നത് മൗഢ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കളെ ജയറാം രമേശ് ഓര്‍മിപ്പിച്ചു. ‘മോദിയും ഷായുമാണ് നമ്മുടെ എതിരാളികള്‍. കണ്ടുപരിചയിച്ച രാഷ്ട്രീയപ്രവര്‍ത്തനരീതിയോ തന്ത്രങ്ങളോ അല്ല അവരുടത്. അതനുസരിച്ച് മാറിയില്ലെങ്കില്‍ നമ്മള്‍ അപ്രസക്തരാകും. ഇന്ത്യ മാറിക്കഴിഞ്ഞു. പഴയ മുദ്രാവാക്യങ്ങളോ സമവാക്യങ്ങളോ മന്ത്രങ്ങളോ ഫലിക്കില്ല. അതനുസരിച്ച് കോണ്‍ഗ്രസും മാറണം’ -അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കുകഴിയുമെന്ന ചോദ്യത്തിന്, കൂട്ടായ ശ്രമംകൊണ്ടുമാത്രമേ അതു കഴിയൂവെന്നായിരുന്നു മറുപടി. ഈവര്‍ഷം അവസാനത്തോടെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post