ഡല്‍ഹി: ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിന് സമയമായെന്ന മുന്നറിയിപ്പുമായി ഒരു ചൈനീസ് മാധ്യമം. ഉത്തരാഖണ്ഡിലും കശ്മീരിലും ചൈനീസ് സൈനികര്‍ കടന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഡല്‍ഹിയുടെ മുന്നറിയിപ്പ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ചൈന ഡെയ്‌ലി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ ‘ചൈന ഡെയ്‌ലി’യുടെ മുഖപ്രസംഗത്തിലാണ് സൈനിക നീക്കത്തിന് സമയമായെന്ന് വ്യക്തമാക്കുന്നത്.
ഡോക്ലാമില്‍ ചൈനീസ് സൈനികരുടെ കടന്നുകയറ്റം അവസാനിപ്പിച്ച് ഇന്ത്യ സൈനികരെ വിന്യസിച്ച നടപടിയാണ് ചൈനീസ് മാധ്യമത്തെ പ്രകോപിപ്പിച്ചത്. ഇന്ത്യക്കെതിരായ നടപടിക്ക് സമയം അധിക്രമിച്ചതായും സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ അതിന്റെ പേരില്‍ ഇന്ത്യ സ്വയം കുറ്റപ്പെടുത്തേണ്ടിവരുമെന്നും ചൈന ഡെയ്‌ലി പറയുന്നു. ജൂണ്‍ മധ്യത്തോടെയാണ് ഡോക്ലാമിനെ ചൊല്ലി ഇന്ത്യയും ചൈനയും ഇടയുന്നത്.
‘ഒത്തുതീര്‍പ്പിനു സാധ്യതകള്‍ മങ്ങി… ഇതിപ്പോള്‍ ഏഴാഴ്ച പിന്നിട്ടു കഴിഞ്ഞു. സമാധാന പരിഹാരങ്ങള്‍ക്കുള്ള ജാലകങ്ങള്‍ അടഞ്ഞുകഴിഞ്ഞു’വെന്ന് ചൈന ഡെയ്‌ലി പറയുന്നു.
ഡോക്ലാം തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടാണ് ചൈന ഇവിടെ കടന്നുകയറ്റം ആരംഭിച്ചത്. എന്നാല്‍ ഭൂട്ടാനും ഇന്ത്യയും ഇതിനെ എതിര്‍ത്തു. ഇതുവഴി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ നീക്കവും ഇന്ത്യ തടഞ്ഞിരുന്നു. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ മേഖലയില്‍ ചൈന നടത്തുന്ന നിര്‍മ്മാണം തത്സഥിതിയുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന ഇന്ത്യയുടെ നിര്‍ദേശം ചൈന തള്ളുകയായിരുന്നു. ഇന്ത്യ അനധികൃതമായി അതിക്രമിച്ചുകയറിയതാണെന്നും അതിനാല്‍ അവര്‍ സ്വയം പിന്‍വലിയുകയാണ് വേണ്ടതെന്നുമായിരുന്നു ചൈനയുടെ നിലപാട്.
Discussion about this post