കണ്ണൂര്‍: മട്ടന്നൂരില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ സിപിഎം വധഭീഷണി മുഴക്കിയതായി ആരോപണം. നെല്ലൂന്നി ശാഖാ മുഖ്യശിക്ഷക് ശരത്തിനാണ് സിപിഎമ്മിന്റെ ഭീഷണി. ശരത്തിന്റെ വാഹനം കേടു വരുത്തിയ സിപിഎമ്മുകാര്‍ അടുത്തത് നീയാണെന്ന് വാഹനത്തില്‍ എഴുതി വയ്ക്കുകയും ചെയ്തു. നേരത്തെ രണ്ടു പ്രാവശ്യം ശരത്തിന്റെ വീട്ടിനു മുന്നില്‍ റീത്തുവച്ചും ഭീഷണി ഉയര്‍ത്തിയിരുന്നു.
മട്ടന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബൂത്ത് ഏജന്റായിരുന്നു ശരത്ത്. കള്ളവോട്ട് ചെയ്യാനെത്തിയവരെ ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ ശരത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. 21 കള്ളവോട്ടുകള്‍ ചെയ്യാന്‍ ശരത്തിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചില്ല. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ ശരത്തിനെതിരെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ പൊലീസെത്തിയതിനു ശേഷമാണ് ശരത്തിന് വീട്ടില്‍ പോകാന്‍ സാധിച്ചത്. തുടര്‍ന്നാണ് വാഹനം ആക്രമിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായതിനു ശേഷം ശരത്തിനെതിരെ ഫോണിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
സിപിഎമ്മിന്റെ സ്വാധീന കേന്ദ്രമായ മട്ടന്നൂരില്‍ ഒന്‍പതിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതില്‍ രണ്ടിടത്ത് എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. സ്വാധീന മേഖലകളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാകുന്നവര്‍ക്കെതിരെ സിപിഎം ഭീഷണിയും അക്രമവും പതിവാണെന്ന് ശരത് ജനം ടിവിയോട് പറഞ്ഞു.
Discussion about this post