അത്തമെത്തി. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും.
അത്തം പിറന്നതോടെ പൂക്കളമൊരുക്കല്‍ മത്സരങ്ങളുടേയും നാളുകളാണ് വരുന്നത്. സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല, വിവിധ ഓഫീസുകളിലും പൂക്കളമൊരുക്കല്‍ മത്സരങ്ങള്‍ നടക്കും. വിവിധ കഌുകളും യുവജനസംഘടനകളും ഓണാഘോഷ തയ്യാറെടുപ്പ് തുടങ്ങുന്നതും അത്തം നാളിലാണ്.
കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ നിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയം. സ്വതന്ത്രനാന്തരം, തിരുവിതാംകൂര്‍കൊച്ചി ലയനവും രാജഭരണം അവസാനിച്ചതും പ്രൗഡ ഗംഭീരമായ ചടങ്ങിന് അന്ത്യം കുറിച്ചു.
വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടിയായി മഹാരാജാവ് തൃക്കാക്കര വാമന മൂര്‍ത്തിയെ ദര്‍ശിക്കാന്‍ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര. പരിവാരസമേതം പല്ലക്കില്‍പോകുന്ന രാജാവിനെ ഒരു നോക്കു കാണാന്‍ ഹില്‍പാലസ് കൊട്ടാരം മുതല്‍ തൃക്കാക്കര വരെയുള്ള പാതയോരങ്ങളില്‍ ജനങ്ങള്‍ കാത്തുനില്ക്കുമായിരുന്നു. അതിന്റെ ഓര്‍മ്മയാണ് ഇന്നും നടക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷം.
രാജഭരണം അവസാനിച്ചതോടെ മുടങ്ങിപ്പോയ അച്ചത്തമയം വര്‍ഷങ്ങള്‍ക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു നടത്തി. അങ്ങനെയാണു ജനകീയ അത്തച്ചമയാഘോഷത്തിനു തുടക്കം കുറിച്ചത്. പിന്നീട് തൃപ്പൂണിത്തുറ പഞ്ചായത്തും അതിനുശേഷം നഗരസഭയും ആയി മാറിയപ്പോള്‍ അത്താഘോഷം ജനകീയമായി മാറുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ ഓണാഘോഷങ്ങളുടെ ഔദ്യോഗിക തുടക്കമാണ് അത്തം ഘോഷയാത്ര. ഏഴു പതിറ്റാണ്ടു മുമ്പു നടന്നിരുന്ന ആഘോഷമാതൃകയില് രാജാവ് പരിവാര സമേതം നാടുചുറ്റി പ്രജകളെ കാണാന്‍ ഇറങ്ങുന്ന ചടങ്ങിനെ അനുസ്മരിച്ചാണു നിലവില്‍ അത്താഘോഷം നടക്കുന്നത്.
Discussion about this post