പഞ്ചകുല: പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗുര്‍മീതിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനാണ് നടപടി. ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിരുന്ന സംഘത്തില്‍ അംഗമായിരുന്ന ഏഴു പോലീസുകാരാണ് അറസ്റ്റിലായതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആറു വര്‍ഷമായി ഈ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഗുര്‍മീതിന് സുരക്ഷ ഒരുക്കിയിരുന്നത്. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ഏഴു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ഗുര്‍മീതിനെ അറസ്റ്റ് ചെയ്തു ഹെലിക്കോപ്റ്ററില്‍ റോഹ്തക്കിലേക്കു കൊണ്ടുപോകാന്‍ തുടങ്ങവെയാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചത്. ഇവര്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേതുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുര്‍മീത് റാം റഹിം സിംഗിന് ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
Discussion about this post