തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യോഗ്യത നേടിയ പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കുപോലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം വീതം ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് മുഖ്യമന്ത്രയുടെ പ്രതികരണം.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ബാങ്ക് ഗ്യാരണ്ടി കൊടുക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രം ഒരു വിദ്യാര്‍ഥിക്കും പഠനാവസരം നിഷേധിക്കപ്പെടില്ലെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തും. സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റി കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post