പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കലിന് ചില മുസ്ലിം,ദളിത്, ഇടത് തീവ്രവാദ സംഘടനകള്‍ കൈയാളായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കലിന് ചില മുസ്ലിം,ദളിത്, ഇടത് തീവ്രവാദ സംഘടനകള്‍ കൈയാളായെന്നത് മറക്കാനാവില്ലെന്ന് എംഎ ബേബി പറയുന്നു. ശക്തവും നിര്‍ണായകവുമായ ഇടതുപക്ഷം കേന്ദ്രസ്ഥാനത്തില്ലാതായപ്പോഴാണ് ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനായത്. പശ്ചിമബംഗാളില്‍ സിപിഐഎമ്മിന് ഉണ്ടായ തിരിച്ചടിയാണ് ഇതിന് കാരണമായത്. രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ഇടതുപക്ഷം മടങ്ങിവരുമ്പോള്‍ മറ്റുളളവര്‍ അതിന്ചുറ്റും അണിനിരക്കുമെന്നും ബേബി മാധ്യമം ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
മതന്യൂനപക്ഷങ്ങളുടെ നവീകരണ ശ്രമങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്തുണക്കുമെന്ന് പറയുന്ന എംഎ ബേബി ചില ന്യൂനപക്ഷ സംഘടനകളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ കാണാതിരിക്കാനുമാകില്ലെന്നും അഭിമുഖത്തില്‍ പറയുന്നു. കേരളത്തിലെ കോളെജുകളിലും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ഹൈദരാബാദിലെ കേന്ദ്രസര്‍വകലാശാലയിലും തുടങ്ങി പല ക്യാംപസുകളിലും ആര്‍എസ്എസിനെതിരെ പൊരുതുന്ന ഇടതുപക്ഷ സംഘടനകള്‍ക്കെതിരെ വിരുദ്ധരുടെ വടിവാളാകുന്നത് ചില മുസ്ലിം സംഘടനകളാണ്. ദൗര്‍ഭാഗ്യകരമാണിത്. കമ്മ്യൂണിസ്റ്റുകാരെ തകര്ത്തിട്ടുവേണോ മുസ്ലിം സംഘടനകള്‍ക്ക് ഹിന്ദുത്വ വാദത്തില്‍ നിന്നും മോചനം നേടാനുളള രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കാനെന്നും, ഇക്കാര്യം ഈ സംഘടനകളിലെ പക്വമതികള്‍ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും എം.എ ബേബി പറയുന്നു.
ചില മുസ്ലിം സംഘടനകളും ദളിത് വാദികളും തങ്ങളാണ് സംഘപരിവാരത്തെ ചെറുക്കുകയെന്ന് ധരിച്ചുവശായിട്ടുണ്ടെന്നും ബേബി അഭിമുഖത്തില്‍ പറയുന്നു. എല്ലാതരം മനുഷ്യരും ചേരുന്ന വിശാലമായ ജനാധിപത്യ പ്രസ്ഥാനത്തിനെ ആര്‍എസ്എസിനെ തടഞ്ഞുനിര്‍ത്താനാവൂ എന്നാണ് സിപിഎം നേതാവിന്റെ അവകാശവാദം
Discussion about this post