എന്തെടുത്താലും ഏറ്റവും ബെസ്റ്റ് തന്നെ തങ്ങൾക്ക് വേണമെന്ന് വാശി പിടിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മികച്ച ജീവിത സാഹചര്യം തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നവരിൽ മലയാളികൾക്ക് ഒന്നാംസ്ഥാനവും ഉണ്ട്. എന്നാൽ ഇനി ഇതിന്റെ ആവശ്യമില്ല. ലോകത്തിലെ തന്നെ മികച്ച നഗരങ്ങൾ നമ്മുടെ കേരളത്തിലുണ്ടെന്നാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്‌സിന്റെ പട്ടിക വ്യക്തമാക്കുന്നത്.
കേരളത്തിൽ നിന്നുള്ള ഏഴ് നഗരങ്ങളാണ് ഓഫ്‌സ്ഫഡിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. തലസ്ഥാന നഗരിയായ തിരുവനന്തപുരം, തൃശ്ശൂർ, കൊച്ചി, കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം എന്നിവയാണ് മികച്ച ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങൾ. ക്വാളിറ്റി ഓഫ് ലൈഫ് വിഭാഗത്തിലാണ് കേരളത്തിന് നിർണായക നേട്ടം. ഈ വിഭാഗത്തിൽ ബംഗളൂരു, മുംബൈ, ഹൈദരബാദ് എന്നീ നഗരങ്ങളുടെ സ്ഥാനം കേരളത്തെക്കാൾ പിന്നിലാണ്.
ഓക്‌സഫ് ഇക്കണോമിക്‌സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്‌സ് പുറത്തുവിട്ട പട്ടികയിൽ തിരുവനന്തപുരമാണ് ഏറ്റവും മുൻപിൽ. 748 ാം റാങ്കാണ് തിരുവനന്തപുരത്തിന്. 753ാം റാങ്കുള്ള കോട്ടയത്തിനാണ് രണ്ടാം സ്ഥാനം. തൃശ്ശൂർ, കൊല്ലം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നീ നഗരങ്ങളാണ് പട്ടികയിൽ കോട്ടയത്തിന് താഴെയായി ഇടം പിടിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന നഗരങ്ങളെയാണ് മികച്ച ജീവിത സാഹചര്യമുള്ള നഗരമായി കണക്കാക്കുന്നത്. ഈ മാനദണ്ഡ പ്രകാരം രാജ്യതലസ്ഥനമായ ഡൽഹി വളരെ പുറകിലാണ് സ്ഥാനം. ഡൽഹിയിൽ സ്ത്രീകളും കുട്ടികളും ഒട്ടും സുരക്ഷിതരല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മുംബൈ മികച്ച നഗരമാണ്. സ്ത്രീകൾക്കും കുട്ടികളും ഭയക്കാതെ പുറത്തിറങ്ങി നടക്കാൻ മുംബൈ നഗരത്തിൽ കഴിയും. അതേസമയം മികച്ച നഗരങ്ങളുടെ ഓവറോൾ റാങ്കിംഗിൽ ജീവിക്കാൻ നല്ല നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് ഡൽഹിയാണ്. 350 ആണ് ഡൽഹിയിലെ റാങ്ക്. ബംഗളൂരുവിനും മുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്. ഓവറോൾ റാങ്കിംഗിൽ ചെന്നൈയ്ക്ക് നാലാം സ്ഥാനമാണ് ഉള്ളത്. ഈ പട്ടികയിൽ നേട്ടമുണ്ടാക്കിയിരിക്കുന്നത് കൊച്ചിയാണ്. കൊച്ചി നഗരത്തിനാണ് അഞ്ചാം സ്ഥാനം. സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നീ അഞ്ച് മാനദണ്ഡങ്ങളാണ് മികച്ച നഗരത്തെ നിശ്ചയിക്കുന്നത്.
വിഴിഞ്ഞം പോലുള്ള വികസന പദ്ധതികൾ നടപ്പിലാക്കുകയും,അതേസമയം ഗ്രാമീണ തനിമ അതേപടി നിലനിർത്തുകയും ചെയ്തതാണ് തിരുവനന്തപുരത്തെ മികച്ച ജീവിത നിലവാരം പുലർത്തുന്ന നഗരമെന്ന അംഗീകാരം നേടിക്കൊടുത്തത്. ഈ സ്ഥിതി തുടരുന്നത് നഗരത്തിൽ കൂടുകൽ വികസന സാദ്ധ്യതകൾക്ക് വഴി തുറക്കം.
എന്നാൽ മികച്ച ജീവിത നിലവാരം ഉണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് കേരളത്തിലെ നഗരങ്ങൾ. അതിനാൽ മികച്ചവയുടെ പട്ടികയിൽ സംസ്ഥാനത്തെ കൂടുതൽ നഗരങ്ങൾ ഇടംപിടിയ്ക്കണം എങ്കിൽ കടമ്പകൾ ഏറെയാണ്. ക്രമസമാധാന പാലനത്തിനായി ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ഇതിനുള്ള പോംവഴി. ഇതിനായി സർക്കാരിന്റെ കാര്യക്ഷമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അങ്ങിനെയെങ്കിൽ അധികം വൈകാതെ തന്നെ കേരളത്തിലെ നഗരങ്ങളും മികച്ച നഗരങ്ങൾ ആയി മാറും.
Discussion about this post