ഡല്‍ഹി: തെലങ്കാന രാഷ്ട്ര സമിതിയുടെ എം.എല്‍.എയായ ചെന്നമനേനി രമേശിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജര്‍മന്‍ പൗരത്വമുള്ളയാളാണ് രമേശെന്നും 2009-ല്‍ ഇന്ത്യന്‍ പൗരത്വം നേടുമ്പോള്‍ ഉടമ്പടികള്‍ പാലിച്ചില്ലെന്നും കാണിച്ചാണ് പൗരത്വം റദ്ദാക്കാന്‍ ഉത്തരവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് 50 ദിവസത്തെ ഇടവേളയാണ് രമേശിന് നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ പൗരത്വം നേടുമ്പോള്‍ മറ്റു രാജ്യങ്ങളിലെ പൗരത്വം അസാധുവാക്കണം. എന്നാല്‍, ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് താന്‍ ജര്‍മന്‍ പൗരത്വം റദ്ദാക്കിയിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. ഇന്ത്യയിലെ പോലെ ജര്‍മനിയിലും ദ്വിപൗരത്വം അംഗീകൃതമല്ല. തന്റെ ഇന്ത്യന്‍ പൗരത്വം കൂടി റദ്ദാക്കിയാല്‍ താന്‍ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.
പുതുതായി രൂപീകരിച്ച രാജണ്ണ സിരിസില്ല ജില്ലയിലെ വെമുലവാഡാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രമേശ്. ഇന്ത്യന്‍ പൗരത്വം റദ്ദാക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം നഷ്ടമാകും.
Discussion about this post