ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരായി ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ സമ്മദര്‍ദ്ദത്തിലാക്കുകയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ് അവരുടെ രീതി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഒരുവിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല എന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിദഗ്ധനായ പ്രയോക്താവാണ് മോദി. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ വലിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ അദ്ദേഹം ചില പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടാകാം. എന്നാല്‍ ഭിന്നസ്വരങ്ങളെ ഇല്ലാതാക്കുക എന്നതുതന്നെയാണ് ബിജെപിയുടെ പൊതുവായ ആശയം. അഹിംസയില്‍ അടിയുറച്ചതാണ് ഈ രാജ്യത്തിന്റെ ചരിത്രമെന്നും കൊലപാതകങ്ങള്‍ ഒരുവിധത്തിലും നീതീകരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post