തിരുവനന്തപുരം: കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.എം.എസിന്റെയും വിവിധ ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു.
ഇന്ന് രാവിലെ പ്രദേശവാസികളാണ് പ്രതിമ തകര്‍ക്കപ്പെട്ട വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് അക്രമമുണ്ടായതെന്ന് പോലീസ് പറയുന്നു. സിമന്റില്‍ തീര്‍ത്ത പ്രതിമയുടെ വലതു കൈയും ഊന്നുവടിയുമാണ് തകര്‍ക്കപ്പെട്ടത്. കൈപ്പത്തിയും ഊന്നുവടിയുമുള്പ്പെടെയുള്ള ഭാഗം തകര്‍ത്ത് പ്രതിമയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
റോഡരികില്‍ പ്രതിമയ്ക്ക് സമീപമുള്ള കൊടിമരത്തിന്റെ ഇരുമ്പ് പൈപ്പ് വളയ്ക്കുകയും അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പൂങ്കുളം ജംഗ്ഷനില്‍ നിന്ന് കോളിയൂര്‍ വരെ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Discussion about this post