‘ഇനി നമ്മുടെ മക്കൾ വിനോദയാത്രയ്ക്കായി പോകുക ചന്ദ്രനിലേക്കായിരിക്കും…’ ഇന്ത്യയുടെ ചാന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിവ. മോദിയുടെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് ബഹിരാകാശത്തേക്ക് യാത്ര നടത്തി തിരിച്ചുവന്നിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു വിനോദ സഞ്ചാരി.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ ഗോപിചന്ദ് തോട്ടക്കുറയാണ് ഇപ്പോൾ ഭാരതത്തിന്റെ അഭിമാനമായിരിക്കുന്നത്. ആമസോൺ ഉടമ ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ, സ്‌പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനെന്ന നേട്ടമാണ് ഗോപിചന്ദ് സ്വന്തമാക്കിയത്. പത്ത് മിനിറ്റോളം ബഹിരാകാശം ചുറ്റിയടിച്ചുകൊണ്ട് സ്‌പേസിലെത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരിയെന്ന പേരും 30കാരനായ ഗോപിചന്ദിന് സ്വന്തം.
ഭൗമ നിരപ്പിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ ലൈൻ കടന്നാണ് ഈ ദൗത്യം വെന്നിക്കൊടി പാറിച്ചത്. റിട്ട. വിംഗ് കമാൻഡർ രാകേഷ് ശർമയാണ് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ. പൈലറ്റായ ഗോപിചന്ദ് തോട്ടക്കുറ അമേരിക്കയിലെ അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ്. ബുഷ് വിമാനങ്ങൾ, സീ പ്ലേനുകൾ, ഹോട്ട് എയർ ബലൂണുകൾ, എയ്‌റോബാറ്റിക് വിമാനങ്ങൾ എന്നിവ പറത്താൻ വിദഗ്ദനായ ഗോപിചന്ദ്, ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. പർവതാരോഹകൻ കൂടിയായ ഗോപിചന്ദ് കിളിമഞ്ചാരോ കൊടുമുടിയും കീഴടക്കിയിട്ടുണ്ട്. ഡ്രൈവിംഗ് പഠിക്കുന്നതിനും മുൻപേ തന്നെ വിമാനം പറത്താനാണ് ഗോപിചന്ദ് പഠിച്ചത്.
ബഹിരാകാശ യാത്രയെ കുറിച്ച് ചോദിച്ചപ്പോൾ ഗോപിചന്ദ് തോട്ടക്കുറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഇത് കേവലം വ്യക്തിപരമായ നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യ കൈവരിക്കുന്ന പുരോഗതിക്കുള്ള അംഗീകാരം കൂടിയാണ് ഇത്.” തന്റെ ബഹിരാകാശ സഞ്ചാരത്തെ കുറിച്ച് ഗോപീചന്ദ് പ്രതികരിച്ചു.
ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർത്ഥമാണ് പേടകത്തിന് ന്യൂ ഷെപേഡ് എന്ന പേര് നൽകിയത്. 90കാരനായ എഡ് ഡ്വെയ്റ്റ് മേസൺ ഏഞ്ജൽ, സിൽവിയൻ ഷിറോൺ, കെന്നത്ത് എൽ ഹെസ്, കാരൾ ഷാലർ എന്നീ അഞ്ച് യാത്രികരും ഗോപിചന്ദിനൊപ്പം ദൗത്യത്തിൽ ഉണ്ടായിരുന്നു. ഇതുവരെ 31 പേരാണ് ബ്ലൂ ഒറിജിനലിന്റെ ബഹിരാകാശ ദൗത്യങ്ങളിലൂടെ കാർമൻ രേഖ മറികടന്നത്.
Discussion about this post