ഡെറാഡൂണ്‍: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ പ്രചരാണാര്‍ഥം സൈക്കിള്‍ റാലി നടത്താനൊരുങ്ങി ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി രേഖാ ആര്യ. ഇതിനായി സൈക്കിള്‍ റാലി നടത്താന്‍ സംസ്ഥാനത്തെ പ്രധാന ഹൈവേകളിലൊന്നിലെ ഗതാഗതം നിര്‍ത്തിവയ്ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഡെറാഡൂണ്‍-ഹരിദ്വാര്‍ ഹൈവേയിലെ ഗതാഗതമാണ് തന്റെ സൈക്കിള്‍ റാലി കടന്നുപോകുന്ന സമയം വരെ നിര്‍ത്തിവയ്ക്കണമെന്നാണ് രേഖയുടെ ആവശ്യം. സെപ്റ്റംബര്‍ 17 നാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ഞൂറോളം ആളുകള്‍ റാലിയില്‍ പങ്കെടുക്കുമെന്നും ഇവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുമെന്നും രേഖ അറിയിച്ചു.
റാലിക്കു വേണ്ടിയുള്ള പരിശീലനവും രേഖ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്താണ് ഡെറാഡൂണില്‍ റാലി ഫ്ലാഗ് ഓഫ് ചെയ്യുക. റാലി അവസാനിക്കുന്ന ഹരിദ്വാറിലെ ചടങ്ങില്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധിയും പങ്കെടുക്കും. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉന്നതകേന്ദ്രങ്ങളില്‍നിന്നുള്ള നിര്‍ദേശ പ്രകാരം തീരുമാനിക്കുമെന്ന് ഡെറാഡൂണ്‍ എസ് പി അറിയിച്ചു.
Discussion about this post