ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് ടൂർണമെന്റിനിടയിലെ തന്റെ അനുഭവങ്ങൾ പ്രധാനമന്ത്രിയോട് പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തോട് സംവദിക്കവെയായിരുന്നു വിരാട് കോഹ്ലി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഇത്തവണത്തെ പോരാട്ടം, ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നല്ലേ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
താരങ്ങളെ തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ കോഹ്ലി, ഈ ദിവസം താൻ ഒരിക്കലും മറക്കാതെ മനസിൽ സൂക്ഷിക്കുമെന്നും പറഞ്ഞു. ‘ഞങ്ങളെ ഇവിടേക്ക് വിളിച്ചതിന് ഒരുപാട് നന്ദിയറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഈ ദിവസം എന്റെ ഓർമയിൽ എന്നുമുണ്ടാകും. ഞാൻ ആഗ്രഹിച്ച രീതിയിൽ ഈ ടൂർണമെന്റിലേക്ക് സംഭാവന നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്നോടും ഈ ടീമിനോടും നീതി പുലർത്താൻ ഇതുവരെ എനിക്ക് കഴിഞ്ഞില്ലെന്ന് ഒരു അവസരത്തിൽ ഞാൻ രാഹുൽ ഭായിയോട് പറഞ്ഞിരുന്നു. എന്നാൽ, അവസരം വരുമ്പോൾ നീ ഫോമിലാകുമെന്നും നല്ല പ്രകടനം കാഴ്ച്ച വക്കുമെന്നും തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ആഗ്രഹിക്കുന്ന പോലെ ബാറ്റ് ചെയ്യാൻ എനിക്ക് കഴിയുമെന്ന് ആത്മവിശ്വാസം ഇല്ലെന്ന് പിന്നീട് കളിക്കാൻ ഇറങ്ങിയപ്പോൾ ഞാൻ രോഹിത്തിനോട് ഞാൻ പറഞ്ഞിരുന്നു. തുടർന്ന് ഞാന കളിക്കാൻ തുടങ്ങിയതോടെ, ആദ്യത്തെ നാല് ബോളിൽ തന്നെ മൂന്ന് ഫോറുകൾ എനിക്ക് സ്വന്തമായി. ആ സമയം, ഞാൻ അവനോട് ചോദിച്ചു, എന്ത് തരം ഗെയിം ആണിത്…എന്ന്.. ഒരു ദിവസം ഗ്രൗണ്ടിലിറങ്ങുമ്പോൾ തോന്നും ഒരു റൺ പോലും എടുക്കാൻ കഴിയില്ലെന്ന്, എന്നാൽ, അടുത്ത ദിവസം എല്ലാം നല്ല രീതിയിൽ സംഭവിച്ചു തുടങ്ങുന്നു..’- കോഹ്ലി പറഞ്ഞു.
എന്താണോ സംഭവിക്കാനുള്ളത് അത് നടക്കുമെന്ന് ഈ വിജയം തനിക്ക് ബോധ്യപ്പെടുത്തി തന്നുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ, ആ അവസരത്തിന് ഞാൻ എന്നെ തന്നെ സമർപ്പിക്കുകയായിരുന്നു. എന്നിൽ നിന്നും എന്റെ ടീമിന് എന്താണ് വേണ്ടതെന്നതിലായിരുന്നു എന്റെ ശ്രദ്ധ. ഞാൻ ആ നിമിഷത്തിൽ അകപ്പെട്ടുപോയി. എന്താണോ സംഭവിക്കേണ്ടത് അത് സംഭവിക്കുമെന്ന് പിന്നീട് എനിക്ക് ബോദ്ധ്യപ്പെട്ടു. അവസാന സമയത്ത് ഓരോ പന്തിലും ഞാൻ ജീവിക്കുകയായിരുന്നു. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ പോലും കഴിയില്ല. ഒരു അവസരത്തിൽ ഞങ്ങൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഹർദിക് ഒരു വിക്കറ്റ് എടുത്തു. തുടർന്നുള്ള ഓരോ ബോളിലും ഞങ്ങൾ ഊർജം വീണ്ടെടുക്കുകയായിരുന്നു’- കോഹ്ലി കൂട്ടിച്ചേർത്തു.
ഏറെ കഠിനകരമായ അവസ്ഥയിലൂടെ കടന്നുപോയെങ്കിലും ഇത്രയേറെ വലിയൊരു കളിയിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. അതൊരിക്കലും തനിക്ക് മറക്കാനാവില്ല. ടീമിനെ അവസാന പോരാട്ടത്തിലേക്ക് എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Discussion about this post