ന്യൂഡൽഹി : രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത്. മാനസികമായി ഏറെ തളർന്നിരുന്ന സമയമായിരുന്നു അത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ആകുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ആ ആശുപത്രി കിടക്കയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെയും അമ്മയെയും വിളിച്ച് സംസാരിച്ചു. വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ നൽകിയത് എന്നും ഋഷഭ് പന്ത് അനുസ്മരിച്ചു.
ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ന്യൂഡൽഹിയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രിയുടെ വസതിയിൽ നൽകിയ പ്രഭാത ഭക്ഷണ വിരുന്നിനിടെയായിരുന്നു ഋഷഭ് പന്ത് തന്റെ അനുഭവം പങ്കുവെച്ചത്. ആശുപത്രി കിടക്കയിൽ വെച്ച് പ്രധാനമന്ത്രി വിളിച്ചപ്പോൾ പറഞ്ഞ ആശ്വാസവാക്കുകൾ മനസ്സിന് വലിയ രീതിയിൽ ശക്തി നൽകുന്നതായിരുന്നു. തനിക്കും തന്റെ കുടുംബത്തിനും അത് ശരിക്കും കരുത്ത് നൽകി. 18 മാസങ്ങൾ കൊണ്ട് സുഖം പ്രാപിക്കാൻ കഴിയും എന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയിരുന്നത്. എന്നാൽ 14 മാസങ്ങൾ കൊണ്ട് തന്നെ താൻ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു. പ്രധാനമന്ത്രിയുടെ അന്നത്തെ വാക്കുകൾ ഇന്നും തനിക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് ഋഷഭ് പന്ത് വ്യക്തമാക്കി.
അപകടത്തിൽ തന്റെ വലതു കാൽമുട്ടിലെ മൂന്ന് പ്രധാന അസ്ഥി ബന്ധങ്ങൾക്ക് ഉൾപ്പെടെ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ സമയത്ത് തന്നെ പ്രധാനമന്ത്രി അമ്മയെയും ഡോക്ടർമാരെയും വിളിച്ച് സംസാരിച്ചു. കൂടുതൽ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകേണ്ടതുണ്ടോ എന്ന് അദ്ദേഹം ഡോക്ടർമാരോട് അന്വേഷിച്ചിരുന്നു എന്നും ഋഷഭ് പന്ത് അനുസ്മരിച്ചു. അന്ന് ഋഷഭ് പന്തിന്റെ അമ്മ ശരിക്കും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായി പ്രധാനമന്ത്രിയും ഓർത്തെടുത്തു. നിങ്ങൾ വേഗം സുഖം പ്രാപിക്കുമെന്ന് നിങ്ങളുടെ അമ്മ എനിക്കായിരുന്നു ഉറപ്പു നൽകിയത്. അങ്ങനെയുള്ള അമ്മ ഉള്ള ഒരാൾ തീർച്ചയായും അനുഗ്രഹിക്കപ്പെട്ടത് ആയിരിക്കും. അങ്ങനെയുള്ളവർ വലിയ നേട്ടങ്ങൾ കൈവരിക്കും എന്നും എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ നിങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
Discussion about this post