അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ഗുജറാത്തില്‍ വ്യാഴാഴ്ച തറക്കല്ലിടും. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബുള്ളറ്റ് ട്രെയിന്‍. ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്റെ 85 ശതമാനവും ജപ്പാന് വായ്പയായി നല്‍കും.
2023-ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം എട്ട് മണിക്കൂറില്‍നിന്ന് 3 – 3.5 മണിക്കൂറായി ചുരുങ്ങും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ സഞ്ചരിക്കാനാവും.
രാജ്യത്തെ റെയില്‍വെ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ളവ രാജ്യത്ത് കൊണ്ടുവരാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 67-ാം ജന്മദിനത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് പുറമെ ഇരുരാജ്യത്തെയും നേതാക്കള്‍ നിരവധി കരാറുകളിലും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജാപ്പനീസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം ഹോണ്ട, സുസുക്കി എന്നിവയുടെ നിര്‍മ്മാണശാലകളും സന്ദര്‍ശിക്കും.
Discussion about this post