പൂനെ : ഡൊമിനോസിൽ നിന്ന് ഓർഡർ ചെയ്ത പിസ്സയിൽ കത്തിയുടെ കഷ്ണം കണ്ടെത്തി. പൂനെയിലാണ് സംഭവം. പിംപ്രി-ചിഞ്ച്വാഡ് സ്വദേശിയായ അരുൺ കാപ്സെയ്ക്കാണ് പിസ്സയിൽ നിന്ന് കത്തി കഷ്ണം കിട്ടിയത്.
വെള്ളിയാഴ്ചയാണ് സംഭവം. സ്പൈൻ റോഡിലെ ജയ് ഗണേഷ് എംപയറിലെ ഡോമിനോസ് ഔട്ട്ലെറ്റിൽ നിന്നാണ് 596 രൂപ വിലയുള്ള പിസ ഓർഡർ ചെയ്തത്. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനിടെ കപ്സിക്ക് മൂർച്ചയുള്ള ഒരു വസ്തു വായിൽ കുത്തുന്നതായി തോന്നി. പിന്നീട് നോക്കിയപ്പോഴാണ് കത്തിയുടെ ചെറിയ കഷ്ണം കിട്ടിയത്.
”എനിക്ക് ഗുരുതരമായി പരിക്കേൽക്കുമായിരുന്നു. തികച്ചും വിഷമകരമായ അനുഭവമായിരുന്നു ഇതെന്ന് അരുൺ കാപ്സെയ പറഞ്ഞു. ഉടനെ കാപ്സെ ഔട്ട്ലെറ്റ് മാനേജരുമായി ബന്ധപ്പെട്ടു. ആദ്യം അദ്ദേഹം തന്റെ അവകാശവാദങ്ങൾ നിരസിച്ചു. എന്നാൽ, കട്ടർ പീസിന്റെ തെളിവായി ഫോട്ടോ ലഭിച്ചതിനെ തുടർന്ന് മാനേജർ കാപ്സെയുടെ വീട് സന്ദർശിച്ചു. പിന്നീട് മാനേജർ തെറ്റ് സമ്മതിക്കുകയും സംഭവം സോഷ്യൽ മീഡിയയിൽ പങ്കിടരുത് എന്ന് പറയുകയും ചെയ്തു. പിസ്സയ്ക്ക് പണം ഈടാക്കില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു എന്നും കാപ്സെയ പറഞ്ഞു.
‘ഇത് വെറും അശ്രദ്ധയല്ല. ഇത് ഗുരുതരമായ ഒരു സുരക്ഷാ അപകടമാണ്. ആ ഔട്ട്ലെറ്റിൽ നിന്ന് പിസ്സ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത്തരം അശ്രദ്ധ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കാപ്സെയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. ഇതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
Discussion about this post