ലക്‌നൗ: ഹോട്ടലുകളിലെ ചെക് ഇൻ പോളിസിയിൽ മാറ്റം വരുത്തി ഓയോ. അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ റൂം നൽകേണ്ടതില്ലെന്നാണ് ഓയോയുടെ തീരുമാനം. പുതുക്കിയ ചെക് ഇൻ പോളിസി നിലിവിൽ വന്നതായി അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ മീററ്റിലെ ഹോട്ടലുകളിലാണ് പുതിയ ചെക്ക് ഇൻ പോളിസി നടപ്പാക്കിയിരിക്കുന്നത്. അവിവാഹിതർക്ക് മുറി നൽകരുതെന്ന് മീററ്റിലെ ഓയോ ഹോട്ടലുകൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ മുറിയെടുക്കാനെത്തുന്ന പങ്കാളികൾ തങ്ങളുടെ ബന്ധം വ്യക്തമാക്കുന്ന തെളിവ് നിർബന്ധമായും നൽകിയിരിക്കണം. തെളിവ് നൽകാത്തവർക്ക് മുറി അനുവദിക്കേണ്ടതില്ലെന്നാണ് ഓയോയുടെ നിർദ്ദേശം. പ്രീ-ബുക്കിംഗ് സംവിധാനത്തിലും മാറ്റം ഉണ്ട്.
വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ചെക് ഇൻ പോളിസിയിൽ ഓയോ മാറ്റം വരുത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ടലുകളിലും ഈ നയം നടപ്പിലാക്കും. ആളുകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യങ്ങൾ നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഓയോ നോർത്ത് ഇന്ത്യ റീജിയണൽ ഹെഡ് പവൻ ശർമ്മ പറഞ്ഞു. എല്ലാവരുടെയും വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ സാമൂഹിക സംഘടനകളുടെ നിർദ്ദേശങ്ങൾ അവഗണിക്കാനും കഴിയുകയില്ല. അതിനാൽ ചെക് ഇൻ പോളിസിയിൽ മാറ്റം വരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post