എറണാകുളം: ഏതെങ്കിലും ഒരു നടനെ വച്ച് ഒരു സിനിമ ചെയ്യുകയല്ല തന്റെ ലക്ഷ്യമെന്ന് സംവിധായകൻ ശ്യാമ പ്രസാദ്. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ പറ്റണം. മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ള തീം ഉപയോഗിച്ച് ഇഷ്ടമുള്ള ഒരു സിനിമ ചെയ്യുക. അതാണ് എന്റെ ലക്ഷ്യം. അല്ലാതെ ഏതെങ്കിലും ഒരു നടനെ വച്ച് സിനിമ ചെയ്യുക എന്നത് അല്ല. തിലകനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇതിനായി ചില പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞില്ല.
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സിനിമ എടുക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. സിനിമാ സെറ്റിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. എന്നാൽ ഇതിനൊന്നും ശാശ്വത പരിഹാരം ഇല്ല. മറ്റുള്ളവരുടെ ഇടത്തെയും സ്വീകാര്യതയെയും ബഹുമാനിക്കാൻ നാം പഠിക്കേണ്ടതുണ്ട്. അതിന് സിനിമാ മേഖലയിൽ ഒരു കൂട്ടായ ബോധവത്കരണം ആവശ്യമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത് പോലെ സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ട്. ഒരു നടനെ ജനങ്ങൾ അംഗീകരിച്ചാൽ പിന്നീട് അയാൾ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളും ഉണ്ടാകുകയല്ല. ഇവരെ ആളുകൾ ഉണ്ടാക്കുകയാണെന്നും ശ്യാമ പ്രസാദ് വിശദമാക്കി.
Discussion about this post