ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കള്ളപ്പണ കേസില്‍ ശക്തമായ തെളിവുകളുമായി സി.ബി.ഐ. കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് 25 ഇടങ്ങളില്‍ വസ്തുവകകള്‍ ഉണ്ടെന്ന് സി.ബി.ഐ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. വസ്തുവകകളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സി.ബി.ഐ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ചക്കണമെന്നും കേസില്‍ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
കാര്‍ത്തിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബില്‍ സി.ബി.ഐയുടെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തി. കാര്‍ത്തിയുടെ പിതാവിനെയും മാതാവിനെയും ഭാര്യയേയും ആക്രമിക്കാനാണ് കാര്‍ത്തിയ്‌ക്കെതിരെ സി.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്ന് സിബല്‍ ആരോപിച്ചു. കാര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഈ വസ്തുവകകളെ കുറിച്ച് ഒന്നും സി.ബി.ഐ ആരാഞ്ഞിരുന്നില്ല. വിദേശത്ത് കാര്‍ത്തിയുടെ പേരില്‍ എന്തെങ്കിലും സര്‍ക്കാരിനോ, സി.ബി.ഐയ്‌ക്കോ ആദായ നികുതി വകുപ്പിനോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും സിബല്‍ വ്യക്തമാക്കി.
എന്നാല്‍ ഈ ആസ്തികളെല്ലാം കടലാസ് കമ്പനികളുടെ പേരിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും വ്യക്തമാക്കി. ഇത് പരിഗണിച്ച കോടതി അന്വേഷണത്തിന്റെ വിശദാംശം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കേസ് സെപ്തംബര്‍ 18ലേക്ക് മാറ്റി.
നിലവില്‍ 2007-ല്‍ ഐഎന്‍എക്‌സ് മീഡിയില്‍ 305 കോടി രൂപ നിക്ഷേപിച്ചുവെന്ന കേസിലാണ് കാര്‍ത്തി ചിദംബരം സി.ബി.ഐയുടെ അന്വേഷണം നേരിടുന്നത്. സെപ്തംബര്‍ 11വരെ വിദേശത്തേക്ക് പോകുന്നതും കോടതി നേരത്തെ തടഞ്ഞിരുന്നു.
Discussion about this post