ലഖ്നൗ: മുഗള്‍ ഭരണാധികാരികളുടെ ചരിത്രം ഉത്തര്‍പ്രദേശ് പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലക്കാരനുമായ ദിനേശ് ശര്‍മയാണ് ഇക്കാര്യത്തെ സംബന്ധിച്ചു സൂചന നല്‍കിയത്.
മുഗള്‍ വംശജര്‍ നമ്മുടെ പൂര്‍വികരല്ല. യഥാര്‍ഥത്തില്‍ അവര്‍ കവര്‍ച്ചക്കാരാണ്. അവര്‍ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു. ഇത് നമ്മുടെ ചരിത്രമല്ല. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികള്‍ അസത്യങ്ങള്‍ പഠിക്കുന്നത് ഒഴിവാക്കാന്‍ സിലബസില്‍നിന്ന് ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കും- മന്ത്രി പറഞ്ഞു. എന്നാല്‍ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷായുടെ ചരിത്രം നിലനിര്‍ത്തുമെന്നും അദ്ദേഹം നല്ല ഭരണാധികാരിയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഇന്ത്യയുടെ ചരിത്രത്തില്‍ മുഗളര്മാര്ക്കു സ്ഥാനമില്ലെന്നു പറഞ്ഞും ദിനേശ് ശര്‍മ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ അവര്‍ മറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഗള്‍ വംശജരെ പൂര്‍വികരായി കാണാന്‍ കഴിയില്ലെന്നും ദിനേശ് ശര്‍മ പറഞ്ഞു.
സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹലിന് ഇന്ത്യയുടെ സംസ്കാരവുമായോ പൈതൃകവുമായോ യാതൊരു ബന്ധവുമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
Discussion about this post