വയനാട്: പുൽപ്പള്ളിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. രണ്ട് പശുക്കിടാങ്ങളെ കടിച്ചുകൊന്നു. ഉച്ചയോടെയായിരുന്നു സംഭവം.
മേയാൻവിട്ട പശുക്കൾക്ക് നേരെയാണ് കടുവകളുടെ ആക്രമണം ഉണ്ടായത്. കളപ്പുരയ്ക്കൽ ജോസഫിന്റെ ഒന്നര മാസം പ്രായമായ പശുക്കിടാങ്ങളെ ആയിരുന്നു കടുവ പിടിച്ചത്. സംഭവം കണ്ടയുടൻ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പുൽപ്പള്ളിയോട് ചേർന്നാണ് കർണാടക കാടുകൾ. ഇവിടെ നിന്നുമാണ് കടുവ എത്തിയത് എന്നാണ് വിലയിരുത്തൽ. കടുവയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരിയിൽ മുള്ളൻകൊല്ലിയിൽ നിന്നും കടുവയെ പിടികൂടിയിരുന്നു. ഇതേ തുടർന്ന് കടുവ ഭീതി ഒഴിഞ്ഞെന്ന പ്രതീക്ഷയിൽ ആയിരുന്നു നാട്ടുകാർ. ഇതിനിടെയാണ് കടുവ പശുക്കളെ കൊന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ അഞ്ച് കടുവകളെയാണ് വനംവകുപ്പ് പിടികൂടിയിട്ടുള്ളത്.











