ഡൽഹി: പെട്രോളും ഡീസലും മറ്റ് പെട്രോളിയം ഉൽപന്നങ്ങളും ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ പരിധിയിൽ കൊണ്ടുവരണം എന്ന കേന്ദ്രസർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് ഉപഭോക്താക്കൾ. കാരണം ജിഎസ്ടിയുടെ കീഴിൽ പെട്രോളും ഡീസലും വന്നാൽ വില 22 ശതമാനമെങ്കിലും കുറയും. ഇവയ്ക്ക് ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് ഏർപ്പെടുത്തിയാൽ വില പകുതി വരെ കുറയാനും സാധ്യതയുണ്ട്.
സംസ്ഥാനങ്ങൾ ആണ് പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന് ശാഠ്യം പിടിച്ചത്. ഇവയ്ക്കു കേന്ദ്രസർക്കാരിന്റെ എക്സൈസ് നികുതി 23 ശതമാനമാണ്. ബാക്കി 15 മുതൽ 34 ശതമാനം വരെ നികുതി ചുമത്തുന്നത് സംസ്ഥാന സർക്കാരുകളാണ്. ഓരോ സംസ്ഥാനവും ഓരോ നിരക്കിലാണ് പെട്രോളിനും ഡീസലിനും മൂല്യവർധിത നികുതി (വാറ്റ്) ഈടാക്കുന്നത്. ഡൽഹിയിൽ ഇത് 27 ശതമാനവും മഹാരാഷ്ട്രയിൽ 47 ശതമാനവും കേരളത്തിൽ പെട്രോളിന് 31.8%, ഡീസലിന് 24.5% എന്നിങ്ങനെയുമാണ്. ഒരു സംസ്ഥാനവും ഈ വരുമാനം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിക്കു പുറത്തുവേണമെന്ന ശാഠ്യത്തിന് കാരണം.
ജിഎസ്ടി വന്നാൽ എത്രത്തോളം വില കുറയും എന്നത് എത്ര ശതമാനം ജിഎസ്ടി എന്നതിനെ ആശ്രയിച്ചിരിക്കും. ജിഎസ്ടിക്ക് ഇപ്പോൾ അഞ്ചു സ്ലാബുകളാണ്– 0, 5, 12, 18, 28% എന്നിങ്ങനെയാണ്. മുംബൈയിൽ പെട്രോൾ വില 79.48 രൂപയാണ്. ജിഎസ്ടി 12% വന്നാൽ വില 38 രൂപയാവും, 18% ആണെങ്കിൽ 40.05 രൂപയാവും, 28 ശതമാനമാണെങ്കിൽ 43.44 രൂപയാകും. ഇനി 28% ജിഎസ്ടിയും 22% ആഡംബര സെസും കൂടി ചേർത്താലും 50.91 രൂപയേ വില വരൂ.
ഡീസലിന് മുംബൈയിൽ 62.37 രൂപയാണു വില. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ വിവിധ നികുതി നിരക്കുകളിൽ വില ഇങ്ങനെയാവും–12 %ആണെങ്കിൽ 36.65രൂപ, 18 ആണെങ്കിൽ 38.61 രൂപ, 28 % ആണെങ്കിൽ 41.88 രൂപ, 22% സെസും 28% ജിഎസ്ടിയും ആയാലും വില 49.08 രൂപ മാത്രം.
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ പെടുത്തണമെങ്കിൽ കേന്ദ്രസർക്കാരിനോ സംസ്ഥാനസർക്കാരിനോ തീരുമാനിക്കാനാവില്ല. ജിഎസ്ടി നിയമപ്രകാരം ജിഎസ്ടി കൗൺസിലിനു മാത്രമേ ഇതിന് അധികാരമുള്ളൂ. കൗൺസിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ആവശ്യപ്പെട്ടിരിക്കുകയാണ്.പെട്രോളിയം ഉൽപ്പന്നങ്ങളിൽ പ്രകൃതി വാതകത്തിന് അഞ്ചു ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) മതി എന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരുമായി ധാരണയിൽ എത്തിയിട്ടുണ്ട്. പ്രകൃതിവാതകം ഉപയോഗിക്കുന്ന വ്യവസായങ്ങളെക്കരുതിയാണ് ഈ തീരുമാനം. ജിഎസ്ടി വന്നതോടെ ഈ വ്യവസായങ്ങൾക്ക് അവർ ഉപയോഗിക്കുന്ന അസംസ്കൃത വിഭവങ്ങൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാം. ഇതു കണക്കിലെടുത്താണ് സംസ്ഥാനങ്ങൾ പ്രകൃതിവാതകത്തിന് 5% വാറ്റ് മതി എന്ന് തീരുമാനിച്ചത്. ഭാവിയിൽ എല്ലാ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഏകീകൃത നികുതി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഇതു സഹായകമായേക്കും.
Discussion about this post