ബന്ധുവില്‍ നിന്നു പീഡനത്തിനിരയായി ആശുപ്ത്രിയില്‍ പ്രവേശിക്കപ്പെട്ട അഞ്ചു വയസുകാരിയെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ട്. ഭരണപക്ഷത്തെ പ്രമുഖന്റെ ഒത്താശയോടെ ഡോക്ടര്‍മാരും പൊലീസും ചേര്‍ന്ന് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമം നടത്തുന്നതായും ആരോപണമുയരുന്നുണ്ട്.
പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട അഞ്ചര വയസുകാരിയെ ചോദ്യം ചെയ്തത് അഞ്ചു തവണയാണ്. എന്നിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസിന് വിമുഖത കാണിക്കുന്നു.
പരാതിയില്‍ പൊലീസ് കേസിന്റെ അടിസ്ഥാനത്തില്‍ അഞ്ചു വയസുകാരിയെ ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചു. കോയിപ്രം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേസിലാണ് ജില്ലാ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ ദിവസം കുട്ടിയും ബന്ധുക്കളുമായി കോയിപ്രം പൊലീസ് ജില്ലാ ആശുപത്രിയിലെത്തുകയും ഡോക്ടറോട് വിവരം പറയുകയുമുണ്ടായി. എന്നാല്‍ പരിശോധിക്കാന്‍ തനിക്കാകില്ലെന്ന നിലപാടാണ് ഡോക്ടര്‍ സ്വീകരിച്ചത്.
ഇതുവരെ മൊഴിയെടുത്തു കഴിയാത്ത വിധമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോയിപ്രം പൊലീസ്, കോഴഞ്ചേരി സിഐ, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ മാനസിക പീഡനം അനുഭവിക്കേണ്ട അവസ്ഥയിലാണ് ഈ പിഞ്ചു ബാലിക. ഇവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മടുക്കുകയാണ് ഇരയും മാതാപിതാക്കളും. പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ നടന്ന പീഡനമാണ് ഉന്നതരുടെ ഇടപെടിലില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നത്.
പ്രതിയെ കുറിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടും ഇവിടേക്ക് അന്വേഷണം എത്തിക്കാന്‍ പൊലീസിന് കഴിയുന്നുമില്ല. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടും പലരും കുട്ടിയുടെ ബന്ധുക്കളെ സമീപിക്കുന്നുണ്ട്. ഇതിനു തയാറാകാതെ വന്നതോടെ ഭീഷണിയുമുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് വനിതാ പൊലീസിനൊപ്പം ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയില്‍ എത്തിയപ്പോഴാണ് പ്രതി എത്രമാത്രം പ്രബലനാണെന്ന് മനസിലായത്.
കുട്ടിയെ പരിശോധിക്കാന്‍ ജില്ലാശുപത്രിയിലെ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. സിപിഎമ്മിലെ ഉന്നത നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഡോക്ടര്‍ വിസമ്മതം അറിയിച്ചതെന്ന് ആരോപണമുണ്ട്. പകരം ഡോക്ടര്‍ എത്തും എന്ന് പറഞ്ഞെങ്കിലും ഇതും ഉണ്ടായില്ല. കുട്ടിയുമായി എത്തിയ കോയിപ്രം പൊലീസാകട്ടെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിച്ചതുമില്ല.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ആശുപത്രി സൂപ്രണ്ടിനെയോ, ഡി.എം.ഓയെയോ വിവരം അറിയിച്ചില്ല. ഇതിനു പിന്നിലും സി.പി.എം ഉന്നതന്റെ ഇടപെടില്‍ ഉണ്ടായതായി ഇടതു മുന്നണി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
Discussion about this post