ഡല്‍ഹി: അന്ധമായ മോദി വിരുദ്ധത കൊണ്ട് ദേശ വിരുദ്ധരെന്ന പേര് നേടിയ എന്‍ഡി ടിവി ഇപ്പോഴത്തെ നടത്തിപ്പുകാരില്‍ നിന്ന് കൈവിട്ടു പോകുമെന്ന് വിലയിരുത്തല്‍.
സ്പൈസ് ജറ്റ് ചെയര്‍മാനും മോദിയുടെ ഉപദേശകനുമായ അജയ്സിംഗിനെ മുന്‍നിര്‍ത്തി ചാനല്‍ ഏറ്റെടുക്കാനുള്ള നീക്കം ഏറെക്കുറെ വിജയിച്ചതായാണ് സൂചന. അതേസമയം സ്പൈസ് ജറ്റ് ചാനല്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച വാര്‍ത്ത എന്‍ഡി ടിവി മാനേജ്മെന്റു് സ്ഥിരീകരിച്ചിട്ടില്ല.അത്തരമൊരു സാഹചര്യം ഇല്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്.
ഐസിഐസിഐ ബാങ്കിന് 48 കോടിയുടെ നഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ട് പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയര്‍ എക്സിക്യുട്ടീവ് കെ.വി.എല്‍ നാരായണ റാവു എന്നിവര്‍ക്കാണ് അന്ന് നോട്ടീസ് നല്‍കിയത്.ഇന്നലെയാണ് പ്രണോയ് റോയിയുടെയും ഭാര്യയുടെയും പേരില്‍ കേസെടുത്ത സിബിഐ, ഇരുവരുടെയും വീടുകളില്‍ റെയ്ഡും നടത്തിയത്. മനഃപൂര്‍വം ഉപദ്രവിക്കുന്നതിനായി പഴയതും തെറ്റായതുമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഡിടിവി വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്നും എന്‍ഡി ടിവി വിശദീകരിച്ചു. ജനാധിപത്യത്തയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രസ്താവനയിലൂടെ എന്‍ഡിടിവി അറിയിച്ചു.
ബിജെപി ചായ്വുള്ള വ്യക്തിയാണ് അജയ്സിംഗെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരസ്യ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആദ്യ എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും അജയ് സിങ്ങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൂരദര്ശന് ചാനലുകളായ ഡിഡി സ്പോര്‍ട്സും ഡിഡി ന്യൂസും ആരംഭിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഇതുവരെ പുറത്തുവന്ന കരാറനുസരിച്ച് എഡിറ്റോറിയല്‍ അവകാശങ്ങളുള്‍പ്പെടെ 40 ശതമാനം ഓഹരികളാണ് അജയ് സിങ്ങിന് ലഭിക്കുക. പ്രണോയും രാധികയും 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തും. ഇരുവരുടേയും നേതൃത്വത്തിലുള്ള പിആര്‍പിആര്‍ ഹോള്‍ഡിംഗിന് 61.4 ഓഹരികളായിരുന്നു ഉണ്ടായിരുന്നത്. 38.55 ശതമാനം ഓഹരികള്‍ പൊതു ഉടമസ്ഥതയിലാണ്. 600 കോടി രൂപയ്ക്കാണ് അജയ് സിങ്ങുമായുള്ള ഇടപാടെന്നാണ് റിപ്പോര്‍ട്ട്.
മോദി വിരുദ്ധ ചാനലുകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന എന്‍ഡി ടിവി ഇപ്പോഴത്തെ സാഹചര്യം ക്ഷണിച്ചുവരുത്തിയതാണെന്നാണ് വാര്‍ത്തയോടുള്ള പ്രമുഖരുടെ പ്രതികരണം. അന്ധമായ മോദി വിരുദ്ധത പലപ്പോഴും രാജ്യവിരുദ്ധമായി മാറുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഫെറ ചട്ടലംഘനം ഉള്‍പ്പടെ നിരവധി കേസുകള്‍ എന്‍ഡി ടിവിയുടെ പേരിലുണ്ട്.
Discussion about this post