ചണ്ഡിഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ ഹരിയാണ പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. സോനിപ്പത്ത് ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
തന്നെ ജീവനക്കാര്‍ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും ഹോട്ടലിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടു പോയെന്നും ചൂണ്ടിക്കാണിച്ചാണ് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനി കത്തെഴുതിയത്. ഇതേകുറിച്ച് താന്‍ പ്രിന്‍സിപ്പാളിനോടും സ്‌കൂള്‍ ഡയറക്ടറോടും പരാതി നല്‍കിയെന്നും പക്ഷെ നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹരിയാണ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ ഭീഷണി മുഴക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
കുറ്റാരോപിതരെയും അധ്യാപകരെയും ഡയറക്ടറെയും കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പോലീസ് ചോദ്യം ചെയ്തു. ഈമക്കത്തായതിനാല്‍ തന്നെ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.കേസിന്റെ തുടരന്വേഷണത്തിന് പെണ്‍കുട്ടി മുന്നോട്ടു വരണമെന്നും പോലീസ് ആവശ്യപ്പെട്ടു.
Discussion about this post