കൊച്ചി: വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച് കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവക്കും. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളാണു കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്റെ തേന്മധുരം പകര്‍ന്നു നല്‍കാനെത്തുക. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും.
കേരളത്തില്‍ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണമൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്ബിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. കല്മണ്ഡപത്തില് പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. നിരവധിപ്പേര്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Discussion about this post