ഡല്‍ഹി: നോട്ടു അസാധുവാക്കലിന് ശേഷം രാജ്യത്ത് 5800 ഓളം കടലാസുകമ്പനികള്‍ വിവിധ അക്കൗണ്ടുകളിലായി വന്‍തുക നിക്ഷേപിച്ച് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. ബാലന്‍സില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. നിക്ഷേപിച്ച് ഉടന്‍ തന്നെയാണ് അതിന്റെ സിംഹഭാഗവും പിന്‍വലിച്ചത്. 4574 കോടി രൂപ ഇങ്ങനെ നിക്ഷേപം നടത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതില്‍ 4552 കോടി രൂപ ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു.
കള്ളപ്പണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ കണ്ടെത്തല്‍. രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസുകമ്പനികളുടെ രജിസ്ട്രേഷന് സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 13 ബാങ്കുകളില്‍ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 2134 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇത്തരം ചില കമ്പനികളില്‍ ചിലത് നൂറിലേറെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ എട്ടിന് നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
ഒരു ബാങ്കില്‍ തന്നെ പതിവിലും കവിഞ്ഞ തുക നിക്ഷേപിച്ച 3000 കമ്പനികളുടെ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയില്‍ നോട്ടുനിരോധനം വന്ന നവംബര്‍ എട്ടിന് 13 കോടിരുപയായിരുന്നു നിക്ഷേപമുണ്ടായിരുന്നതെങ്കില് അതിന് ശേഷം 3800 കോടിരൂപയാണ് ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പിന്‍വലിച്ചത്.
Discussion about this post